
വര്‍ക്കല: പാരിപ്പള്ളി വര്‍ക്കല ശിവഗിരി റോഡ് സംരക്ഷണ സമിതി നടത്തുന്ന രണ്ടാംഘട്ട ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മുക്കടയില്‍ അനിശ്ചിതകാല സത്യാഗ്രഹം സമരം ആരംഭിച്ചു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമികള്‍ ഉദ്ഘാടനം ചെയ്തു. ലോകഗുരുവായ ശ്രീനാരായണ ഗുരുവിന്റെ സമാധി സ്ഥാനം സ്ഥിതി ചെയ്യുന്ന ശിവഗിരിയിലേക്കുള്ള പ്രധാന കവാടം വികസനത്തിന്റെ പേരില്‍ കെട്ടിയടയ്ക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സച്ചിദാനന്ദ സ്വാമികള്‍ കുറ്റപ്പെടുത്തി.
രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയും, രവീന്ദ്രനാഥ ടാഗോറും, വി.രാജഗോപാല്‍ ആചാരിയുമൊക്കെ സഞ്ചരിച്ച റോഡ് വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയില്‍ അടച്ചുപൂട്ടുന്നത് അപലപനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി മന്നത്ത് പത്മനാഭന്‍ നയിച്ച ജാഥ കടന്നുപോയത് ഈ വഴിയിലൂടെയാണെന്ന് സ്വാമികള്‍ കൂട്ടിച്ചേര്‍ത്തു.
റോഡ് സംരക്ഷണ സമിതി ചെയര്‍മാന്‍ വി. മണിലാല്‍ അധ്യക്ഷത വഹിച്ചു. അഡ്വ.വി.ജോയി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.എസ്.ആര്‍.അനില്‍കുമാര്‍, പാരിപ്പള്ളി ശ്രീകുമാര്‍, വിനോദ് പാരിപ്പള്ളി, ഷോണി ജി. ചിറവിള, വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
