Breaking News

രാജ്യസഭാ സീറ്റ് ജോസ്.കെ.മാണിക്ക് തന്നെയെന്ന് ഇടതുമുന്നണി

ജോസ്.കെ.മാണി

തിരുവനന്തപുരം: ജോസ്.കെ.മാണി രാജിവച്ച രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് തന്നെ ലഭിക്കും. ഇടതുമുന്നണിയിലെ ഘടകകക്ഷി നേതാക്കളുമായി സി.പി.എം നേതൃത്വം നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ധാരണയായത്. മൂന്നാമത്തെ വലിയ കക്ഷിയെന്ന പരിഗണന കൊടുക്കേണ്ടി വരുമെന്നും ധാരണയായിട്ടുണ്ട്.
എല്‍.ഡി.എഫിലെ ഘടകകക്ഷികളുടെ സീറ്റുകള്‍ സി.പി.എം ഏറ്റെടുക്കുന്നത് ഉചിതമല്ലെന്ന നിലപാടാണ് സിപിഐ സ്വീകരിച്ചത്. എം.വി.ശ്രയാംസ് കുമാറിന് സീറ്റു കൊടുക്കുകയും കേരള കോണ്‍ഗ്രസിന്റെ സീറ്റ് സി.പി.എം എടുക്കുകയും ചെയ്യുന്നത് ഉചിതമല്ലെന്ന് സി.പി.ഐ മുന്നണി നേതൃത്വത്തോട് വ്യക്തമാക്കി.
പാല സീറ്റിന് പകരം രാജ്യസഭാ സീറ്റ് സി.പി.എമ്മിനു എന്നായിരുന്നു ജോസ്.കെ.മാണി വിഭാഗം മുന്നണി പ്രവേശന വേളയില്‍ ഉണ്ടാക്കിയ ധാരണ. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിച്ചതോടെ രാജ്യസഭാ സീറ്റ് നിലനിര്‍ത്തണമെന്ന അവകാശവാദം ജോസ് കെ. മാണി സിപിഎം നേതൃത്വത്തോട് ഉന്നയിച്ചു.
ഇതിനെ തുടര്‍ന്നാണ് സിപിഎം നേതൃത്വം ഘടകക്ഷികളുമായി ആശയവിനിമയം നടത്തിയത്. രാജ്യസഭാ സീറ്റ് ജോസ് കെ. മാണിക്ക് നല്‍കുന്നതിനോട് എന്‍സിപിക്കും വിജോയിപ്പില്ല. മറ്റു ഘടകക്ഷികളും സിപിഎം സീറ്റ് എറ്റെടുക്കുന്നതിനോട് യോജിക്കുന്നില്ല.
പാര്‍ട്ടി ചിഹ്നമുള്‍പ്പടെ കിട്ടിയ ജോസ് കെ.മാണിയില്‍ നിന്ന് സീറ്റ് പിടിച്ചെടുക്കുന്നത് ഉചിതമല്ലെന്നാണ് സിപിഎം നേതൃത്വത്തിലെ പൊതുവികാരം. എന്‍സിപിയിലെ പ്രശ്‌നം പരിഹരിക്കാനുള്ള ചില നീക്കങ്ങളും രാജ്യസഭാ സീറ്റ് ജോസിന് തന്നെ നല്‍കാനുള്ള തീരുമാനത്തിന് പിന്നിലുണ്ടെന്ന് സിപിഎം കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *