
ഞെക്കാട്: കോവിഡ് മഹാമാരി ദുരിതം വിതയ്ക്കുന്ന കെട്ടകാലത്തും നന്മയുടെ പുണ്യമായി ഒരു പത്താംക്ലാസ്സുകാരി. മുഖ്യമന്ത്രിയുടെ കോവിഡ് വാക്‌സിന്‍ വാങ്ങാനുള്ള ദുരിതാശ്വാസനിധിയിലേക്ക് 2312 രൂപയാണ് പുണ്യ എന്ന കൊച്ചുമിടുക്കി നല്‍കിയത്. ഞെക്കാട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ പുണ്യ മണമ്പൂര്‍ പാര്‍ത്തുകോണം പൂജയില്‍ പുഷ്പരാജന്‍-സുനി ദമ്പതികളുടെ മകളാണ്.
ഭിന്നശേഷിയുള്ള കുട്ടികള്‍ക്കുവേണ്ടി സ്‌ക്രൈബ് ആയി പരീക്ഷ എഴുതിക്കൊടുത്തതിന് പ്രതിഫലമായി ലഭിച്ച 312 രൂപയും മേയ് 31ന് പിറന്നാള്‍ ആഘോഷിക്കാന്‍ കരുതിവച്ച 2000 രൂപയും ചേര്‍ത്താണ് 2312 രൂപ ഈ പെണ്‍കുട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. കോവിഡ് വ്യാപനം രൂക്ഷമാവുകയും നാട് ദുരിതമനുഭവിക്കുകയും ചെയ്യുമ്പോള്‍ തന്നാലാവുന്നത് ചെയ്യുകയെന്നത് തന്റെ കടമയും കര്‍ത്തവ്യവുമാണെന്ന് പുണ്യ പറയുന്നു. തനിക്ക് മുമ്പ് നിരവധി പേര്‍ ഇത്തരത്തില്‍ സംഭാവനകള്‍ നല്‍കുന്നത് തനിക്ക് പ്രചോദനമായെന്നും ഇനിയും കൂടുതല്‍ പേര്‍ ഇത്തരത്തില്‍ മുന്നോട്ടുവരേണ്ടതുണ്ടെന്നും പുണ്യ കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച രാവിലെ പതിനൊന്നര മണിയോടെ ആറ്റിങ്ങലിലെ നിയുക്ത എം.എല്‍.എയായ ഒ.എസ്.അംബികയും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കുഞ്ഞുമോളും പുണ്യയുടെ വീട്ടിലെത്തി സംഭാവന കൈപ്പറ്റി. കോവിഡിനെ പ്രതിരോധിക്കാന്‍ സ്വന്തം ജീവന്‍ പണയംവച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പം തന്നെക്കൊണ്ട് കഴിയുന്നപോലെ ഭാഗഭാക്കാന്‍ സന്മനസ് കാണിച്ച ഈ പെണ്‍കുട്ടി ഒരു നാടിന്റെ തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്. വര്‍ക്കല ശിവഗിരി ഹയര്‍സെക്കന്ററി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ പൂജ പുണ്യയുടെ സഹോദരിയാണ്.