Breaking News

പൊതുവിദ്യാലയങ്ങളുടെ നവീകരണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

പിണറായി വിജയന്‍

തിരുവനന്തപുരം: 111 പൊതുവിദ്യാലയങ്ങളുടെ നവീകരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ട സ്‌കൂളുകള്‍ തുറക്കുമ്പോള്‍ വലിയ രീതിയിലുള്ള അക്കാദമിക സൗകര്യങ്ങളുള്ള സ്‌കൂളുകളിലേക്കായിരിക്കും വിദ്യാര്‍ത്ഥികള്‍ കടന്നുചെല്ലുന്നതെന്ന് വിദ്യാലയങ്ങളുടെ നവീകരണ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
ഏത് രാഷ്ട്രീയക്കാരായും ശരി ഏത് മതക്കാരായും ജാതിക്കാരായാലും ഇതിലൊന്നിലും പെടാത്തവരായാലും ശരി അവര്‍ക്ക് വികസനത്തിന്റെ സ്വാദ് അനുഭവിക്കാന്‍ കഴിയണം. 6.80 ലക്ഷം കുട്ടികളാണ് ഈ സര്‍ക്കാരിന്റെ കാലയളവില്‍ പൊതുവിദ്യാലയങ്ങളിലേക്ക് കടന്നുവന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാലയ നവീകരണത്തിന്റെ യഥാര്‍ഥ ഗുണഭോക്താക്കള്‍ നാട്ടിലെ പാവപ്പെട്ടവരും സാധാരണക്കാരുമാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പിന്നാക്ക അവസ്ഥയുള്ള വിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടിക്കും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്ന അവസ്ഥയിലേക്ക് എത്തിയെന്നതാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ മാറ്റം. കുറച്ചു വര്‍ഷം കഴിഞ്ഞുള്ള ഭാവി കേരളത്തില്‍ വളര്‍ന്നു വരുന്ന പുതു തലമുറ വലിയ തോതില്‍ കഴിവു നേടിയവരായി മാറും. അവരുടെ വിദ്യാഭ്യാസത്തിലും കാഴ്ചചപ്പാടിലും മാറ്റം വരും. ഇത് ശരിയായ രീതിയില്‍ പൂര്‍ത്തികരിക്കാനായ ചാരിതാര്‍ഥ്യമാണ് സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് കാലത്തെ വിദ്യാഭ്യാസമേഖലയുടെ പ്രവര്‍ത്തനത്തെയും മുഖ്യമന്ത്രി ശ്ലാഘിച്ചു. ‘കോവിഡ് കാലത്തെ വിദ്യാഭ്യാസ മേഖലയില്‍ അന്ധാളിപ്പില്ലാതെ തീരമാനമെടുക്കാനും ഓണ്‍ലൈനില്‍ വിദ്യാഭ്യാസം നല്‍കാനും കേരളത്തിന് സാധിച്ചു. വേഗതയില്‍ നാം സൗകര്യമൊരുക്കി. നാടാകെ അണിനിരന്നു. ഒരു പ്രതിസന്ധി വന്നപ്പോള്‍ അതിനനുസൃതമായ നിലപാട് നാം സ്വീകരിച്ചു. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് അഭിനന്ദനാര്‍ഹമായ രീതിയിലാണ് ഈ ഘട്ടത്തെ നേരിട്ടത്-അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുവിദ്യാലയങ്ങളുടെ നവീകരണത്തിന് സഹായിച്ചത് കിഫ്ബിയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കിഫ്ബിയില്‍ കേന്ദ്ര ഏജന്‍സികളുടെ ഇടപെടലിനെ വിമര്‍ശിക്കുകയും ചെയ്തു. നാടിനാകെ ഉപകാരപ്രദമായ ഒരു കാര്യത്തെ ഇകഴ്ത്തികാണിക്കാന്‍ ഏറ്റവും നല്ല ഏജന്‍സിയെ അപകീര്‍ത്തിപ്പെടുത്താന്‍ പാടുണ്ടോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ‘നാടിനാകെ ഉപകാരപ്രദമായ ഒരു കാര്യത്തെ ഇകഴ്ത്തികാണിക്കാന്‍ ഏറ്റവും നല്ല ഏജന്‍സിയെ അപകീര്‍ത്തിപ്പെടുത്താന്‍ പാടുണ്ടോ. നാട് വികസിക്കണമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് കൊണ്ട് മാത്രം കാര്യങ്ങള്‍ ചെയ്യാനാവില്ല. ബജറ്റിന് പരിമിതിയുണ്ട്. ആ ഘട്ടത്തിലാണ് 50,000 കോടിയുടെ വികസനം കിഫ്ബിയിലൂടെ നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഇപ്പോള്‍ 6000 കോടിരൂപയുടെ പദ്ധതികളാണ് ചെയ്യുന്നത്’-അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *