Breaking News

വോട്ടെടുപ്പിന് ഒരുക്കം പൂർത്തിയായി; പോളിങ് സാമഗ്രി വിതരണം തിങ്കളാഴ്ച

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. ആകെ 28,26,190 സമ്മതിദായകരാണ് ഡിസംബർ എട്ടിനു വോട്ട് രേഖപ്പെടുത്താൻ ബൂത്തുകളിലേക്ക് എത്തുക. ജില്ലയിലെ 1,727 തദ്ദേശ സ്ഥാപന വാർഡുകളിലായി 6,465 സ്ഥാനാർഥികളാണു ജനവിധി തേടുന്നത്. 3,281 പോളിങ് സ്‌റ്റേഷനുകളിലായാണു വോട്ടെടുപ്പ്.

വോട്ടെടുപ്പിനുള്ള കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പോളിങ് ബൂത്തുകളെല്ലാം നാളെ (07 ഡിസംബർ) അണുവിമുക്തമാക്കും. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽനിന്നു പോളിങ് സാമഗ്രികളുടെ വിതരണവും നാളെ ആരംഭിക്കും. 

ആകെ വോട്ടർമാരിൽ 14,89,287 പേർ സ്ത്രീകളും 13,36,882 പേർ പുരുഷന്മാരും 21 പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്. ത്രിതല പഞ്ചായത്തുകളിൽ 18,37,307 പേർക്കാണു സമ്മതിനാവകാശമുള്ളത്. ഇതിൽ 8,63,363 പേർ പുരുഷന്മാരും 9,73,932 പേർ സ്ത്രീകളും 12 പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ ആകെ 8,02,799 വോട്ടർമാരുണ്ട്. 3,84,726 പുരുഷന്മാരും 4,18,065 സ്ത്രീകളും എട്ടു ട്രാൻസ്‌ജെൻഡേഴ്‌സും. നെയ്യാറ്റിൻക മുനിസിപ്പാലിറ്റിയിൽ ആകെ വോട്ടർമാർ 64,475 ആണ്. ഇതിൽ 30,239 പുരുഷന്മാരും 34,236 സ്ത്രീകളുമുണ്ട്. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ 25,879 പുരുഷ•ാരും 30,086 ഒരു ട്രാൻസ്‌ജെൻഡറുമടക്കം 55,966 വോട്ടർമാരുണ്ട്. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ 32,658 വോട്ടർമാരിൽ 17,675 പേർ പുരുഷ•ാരും 14,983 പേർ സ്ത്രീകളുമാണ്. വർക്കല മുനിസിപ്പാലിറ്റിയിൽ 15,000 പുരുഷന്മാരും 17,985 സ്ത്രീകളുമടക്കം 32,985 വോട്ടർമാരാണുള്ളത്. 

വോട്ടെടുപ്പിന് കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. പോളിങ് സ്‌റ്റേഷനുകളിൽ നാല് പോളിങ് ഉദ്യോഗസ്ഥരും ഒരു അറ്റൻഡറും ഒരു പൊലീസ് ഉദ്യോഗസ്ഥനുമാണ് ഉണ്ടാകുക. സ്ഥാനാർഥികളുടെ ബൂത്ത് ഏജന്റുമാർ പത്തു പേരിൽ കൂടാൻ പാടില്ല. ഏജന്റുമാരുടെ ഇരിപ്പിടങ്ങൾ സജ്ജീകരിക്കുമ്പോൾ സാമൂഹിക അകലം പാലിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കും.
കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി പോളിങ് ബൂത്തിനു പുറത്ത് വെള്ളം, സോപ്പ് എന്നിവയും ബൂത്തിന് അകത്ത് സാനിറ്റൈസറും നിർബന്ധമാണ്. പോളിങ് ബൂത്തിനു പുറത്ത് വോട്ടർമാർക്കു സാമൂഹിക അകലം പാലിച്ചു ക്യൂ നിൽക്കുന്നതിന് നിശ്ചിത അകലത്തിൽ പ്രത്യേകം അടയാളമിടുകയും ചെയ്യും.

സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ക്യൂ ഉണ്ടാകും. പ്രായമായവർ, ഭിന്നശേഷിക്കാർ, രോഗികൾ എന്നിവർക്കു ക്യൂ നിർബന്ധമല്ല. പോളിങ് സ്‌റ്റേഷനുകളുടെ നിശ്ചിത ദൂരപരിധിക്കു പുറത്ത് സ്ഥാനാർഥികളോ രാഷ്ട്രീയ കക്ഷികളോ സംഘടനകളോ സ്ലിപ്പ് വിതരണം നടത്തുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരിക്കണമെന്നും കളക്ടർ നിർദേശിച്ചു.

വോട്ട് ചെയ്യാൻ ബൂത്തിലെത്തുമ്പോൾ

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ പോളിങ് ദിനത്തിലെ വോട്ടെടുപ്പ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചാണു നടക്കുന്നത്. ത്രിതല പഞ്ചായത്തുകളിൽ മൂന്നു ബാലറ്റ് യൂണിറ്റും ഒരു കൺട്രോൾ യൂണിറ്റുമുള്ള മൾട്ടി പോസ്റ്റ് ഇലക്ട്രോണിക്  വോട്ടിങ് യന്ത്രങ്ങളും കോർപ്പറേഷനിലും മുനിസിപ്പാലിറ്റികളിലും സിംഗിൾ യൂണിറ്റ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുമാണ് ഉപയോഗിക്കുന്നത്.

ത്രിതല പഞ്ചായത്തുകളിലെ വോട്ടെടുപ്പ് നപടിക്രമം ഇങ്ങനെ;

വോട്ട് ചെയ്യുന്നതിനായി പോളിങ് ബൂത്തിൽ പ്രവേശിക്കുന്ന സമ്മതിദായകരുടെ തിരിച്ചറിയൽ രേഖയും വോട്ടർ പട്ടികയിലെ മറ്റു വിവരങ്ങളും ഒന്നാം പോളിങ് ഓഫിസർ പരിശോധിക്കും. തുടർന്നു രണ്ടാം പോളിങ് ഓഫിസർ വോട്ടറുടെ കൈവിരലിൽ മഴി അടയാളം പതിപ്പിക്കുകയും ബന്ധപ്പെട്ട രജിസ്റ്ററിൽ ഒപ്പോ വിരലടയാളമോ പതിപ്പിക്കുകയും ചെയ്യും. അവിടെനിന്ന് വോട്ട് ചെയ്യുന്നതിനുള്ള ഒരു സ്ലിപ്പ് സമ്മതിദായകനു നൽകും.

ഈ സ്ലിപ്പുമായി വോട്ടിങ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റിന്റെ ചുമതല വഹിക്കുന്ന പോളിങ് ഓഫിസറുടെ പക്കലേക്കു നീങ്ങേണ്ടതും സ്ലിപ്പ് അദ്ദേഹത്തെ ഏൽപ്പിക്കുകയും ചെയ്യും. തുടർന്ന് പോളിങ് ഓഫിസർ സമ്മതിദായകന് വോട്ട് ചെയ്യുന്നതിനായി കൺട്രോൾ യൂണിറ്റിലെ ബട്ടൺ അമർത്തി ബാലറ്റ് യൂണിറ്റ് വോട്ടിങ്ങിനു സജ്ജമാക്കും. 

ത്രിതല പഞ്ചായത്തുകളിൽ മൂന്നു ബാലറ്റ് യൂണിറ്റുകളുണ്ടാകും. ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടുകൾ ചെയ്യാനുള്ളവയാണ് ഇവ. ഓരോ ബാലറ്റ് യൂണിറ്റിന്റെയും മുകളിൽ ഇടതുവശത്തായി പച്ച നിറത്തിലുള്ള ലൈറ്റ് തെളിഞ്ഞു നിൽക്കുന്നതു കാണാം. ഇത് വോട്ട് രേഖപ്പെടുത്താൻ ബാലറ്റ് യൂണിറ്റ് സജ്ജമാണെന്നു കാണിക്കുന്നതാണ്. 

ഓരോ സമ്മതിദായകനും ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകളിൽ ഓരോ വോട്ട് എന്ന രീതിയിൽ ആകെ മൂന്നു വോട്ടുകളാണ് രേഖപ്പെടുത്തേണ്ടത്. ഗ്രാമ പഞ്ചായത്തുകളുടെ ബാലറ്റിൽ വെള്ള നിറത്തിലുള്ള ലേബൽ ആയിരിക്കും പതിച്ചിരിക്കുന്നത്. സമ്മതിദായകൻ വോട്ട് രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നത് ഏതു സ്ഥാനാർഥിക്കാണോ ആ സ്ഥാനാർഥിയുടെ ചിഹ്നത്തിനു നേർക്കുള്ള ബട്ടണിൽ വിരൽ അമർത്തണം. അതോടെ ബീപ് ശബ്ദം കേൾക്കുകയും സ്ഥാനാർഥിയുടെ ചിഹ്നത്തിനു നേർക്കു ചുവന്ന ലൈറ്റ് തെളിയുകയും ചെയ്യും. ശബ്ദം കേൾക്കുകയും ലൈറ്റ് പ്രകാശിക്കുകയും ചെയ്താൽ സമ്മതിദായകന്റെ വോട്ട് രേഖപ്പെടുത്തിയതായി മനസിലാക്കാവുന്നതാണ്. 

ബ്ലോക്ക് പഞ്ചായത്തിൽ പിങ്ക് നിറത്തിലും ജില്ലാ പഞ്ചായത്തിൽ ഇളം നീല നിറത്തിലുമുള്ള ലേബലുകളാണ് പതിച്ചിരിക്കുന്നത്. മൂന്നു ബാലറ്റ് യൂണിറ്റിലും വോട്ട് രേഖപ്പെടുത്തുമ്പോൾ നീണ്ട ബീപ് ശബ്ദം കേൾക്കുകയും വോട്ടിങ് പ്രക്രിയ പൂർത്തിയാകുകയും ചെയ്യും. 

ഏതെങ്കിലും ഒരു തലത്തിൽ വോട്ട് രേഖപ്പെടുത്താൻ താത്പര്യമില്ലെങ്കിൽ താത്പര്യമുള്ള തദ്ദേശ സ്ഥാപന തലത്തിന്റെ മെഷീനിൽ വോട്ട് രേഖപ്പെടുത്തിയശേഷം അവസാനത്തെ ബാലറ്റ് യൂണിറ്റിന്റെ അവസാനത്തെ ബട്ടണായ എൻഡ് (END) ബട്ടൺ അമർത്തി വോട്ടിങ് പൂർത്തിയാക്കേണ്ടതാണ്. എൻഡ് ബട്ടൺ അമർത്തുമ്പോഴും വോട്ടിങ് പൂർത്തിയായി എന്നുള്ള നീണ്ട ബീപ് ശബ്ദം കേൾക്കും. മൂന്നു തലത്തിലേയും വോട്ട് രേഖപ്പെടുത്തുന്നവർ എൻഡ് ബട്ടൺ അമർത്തേണ്ടതില്ല. 

കോർപ്പറേഷനിലും നഗരസഭകളിലും വോട്ടെടുപ്പ് ഇങ്ങനെ;

ത്രിതല പഞ്ചായത്തുകളിലേതിനു സമാനമാണ് കോർപ്പറേഷനിലും നഗരസഭകളിലും വോട്ടെടുപ്പിന്റെ നടപടിക്രമകൾ. ബാലറ്റ് യൂണിറ്റ് ഒരെണ്ണം മാത്രമേ ഉണ്ടാകൂ എന്നു മാത്രം.

രണ്ടാം പോളിങ് ഉദ്യോഗസ്ഥൻ നൽകുന്ന സ്ലിപ്പുമായി കൺട്രോൾ യൂണിറ്റിന്റെ ചുമതലുള്ള പോളിങ് ഓഫിസറെ സമീപിച്ച് സ്ലിപ്പ് അദ്ദേഹത്തിനു നൽകിയ ശേഷം വോട്ട് ചെയ്യാൻ കമ്പാർട്ട്‌മെന്റിലേക്കു നീങ്ങാം. വോട്ടർക്കു താത്പര്യമുള്ള സ്ഥാനാർഥിയുടെ ചിഹ്നത്തിനു നേർക്കുള്ള ബട്ടൺ അമർത്തിക്കഴിയുമ്പോൾ വോട്ട് രേഖപ്പെടുത്തുന്നു. അതോടെ സ്ഥാനാർഥിയുടെ പേരിനു നേർക്കുള്ള ചുവപ്പ് ലൈറ്റ് പ്രകാശിക്കുകയും ഒരു നീണ്ട ബീപ് ശബ്ദം കേൾക്കുകയും ചെയ്യും.

പരസ്യ പ്രചാരണം ഇന്ന് (06 ഡിസംബർ) അവസാനിക്കും; കൊട്ടിക്കലാശം പാടില്ല

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ജില്ലയിലെ പരസ്യ പ്രചാരണം ഇന്ന് (ഡിസംബർ 06) അവസാനിക്കും. ഡിസംബർ എട്ടിനാണ് ജില്ലയിൽ വോട്ടെടുപ്പ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ആളുകളും വാഹനങ്ങളും കൂട്ടംചേർന്നുള്ള കൊട്ടിക്കലാശം പൂർണമായി ഒഴിവാക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. 

ഇന്നു (ഡിസംബർ 06) വൈകിട്ട് ആറു മണിക്ക് പരസ്യ പ്രചാരണം അവസാനിപ്പിക്കണമെന്നു കളക്ടർ നിർദേശിച്ചു. ഇതു ലംഘിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ്. പ്രചാരണ സമയം അവസാനിച്ചാൽ പുറത്തുനിന്നു പ്രചാരണത്തിനെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും വാർഡിനു പുറത്തു പോകണം.  സ്ഥാനാർഥിയോ ഇലക്ഷൻ ഏജന്റോ വാർഡിനു പുറത്തുനിന്നുള്ള വ്യക്തികളാണെങ്കിൽ പുറത്തുപോകേണ്ട ആവശ്യമില്ലെന്നും കളക്ടർ പഞ്ഞു. 

പ്രചാരണത്തിന്റെ അവസാന ദിനത്തിൽ അനൗൺസ്‌മെന്റ് വാഹനങ്ങൾ കൂടുതലായി നിരത്തിലിറങ്ങാറുണ്ട്. ഇവ ജങ്ഷനുകളിലും മറ്റു കൂടുതൽ സമയം നിർത്തിയിടുന്നതുമൂലം ആൾക്കൂട്ടമുണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഒഴിവാക്കാൻ സ്ഥാനാർഥികൾ ശ്രദ്ധിക്കണം.  ഇക്കാര്യം  പ്രത്യേകം നിരീക്ഷിക്കാൻ പൊലീസിനും കളക്ടർ നിർദേശം നൽകി.  നിയമം ലംഘിക്കുന്നവർക്കെതിരേ പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം നടപടിയെടുക്കുമെന്നും കളക്ടർ പറഞ്ഞു.

പോളിങ് സ്‌റ്റേഷനു സമീപത്തെ പ്രചാരണ സാമഗ്രികൾ നീക്കണം

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള പോളിങ് സ്‌റ്റേഷനുകളായി നിശ്ചയിച്ചിരിക്കുന്ന സ്ഥാപനങ്ങളുടെ പ്രദേശങ്ങളിലെ പ്രചാരണ സാമഗ്രികൾ ഇന്നു (06 ഡിസംബർ) വൈകിട്ട് അഞ്ചിനു മുൻപ് നീക്കം ചെയ്യണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. 

മുനിസിപ്പൽ, കോർപ്പറേഷൻ പരിധിയിൽ പോളിങ് സ്‌റ്റേഷനുകളുടെ 100 മീറ്റർ പരിധിയിലും പഞ്ചായത്ത് പ്രദേശങ്ങളിൽ 200 മീറ്റർ പരിധിയിലും സ്ഥാനാർഥികളുടെ ബൂത്തുകളോ പ്രചാരണ സാമഗ്രികളോ സ്ഥാപിക്കാൻ പാടില്ല. ഇങ്ങനെയുള്ളവ ഇന്നുതന്നെ സ്ഥാനാർഥികൾ സ്വന്തം ചെലവിൽ നീക്കം ചെയ്യണം. നീക്കം ചെയ്തില്ലെങ്കിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്ത് ചെലവ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവിലേക്കു ചേർക്കും. ഇത്തരം പ്രചാരണ സാമഗ്രികൾ നീക്കംചെയ്തിട്ടുണ്ടെന്നു ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ഉറപ്പാക്കണമെന്നും കളക്ടർ നിർദേശം നൽകി

Related posts

Leave a Reply

Your email address will not be published. Required fields are marked *