Breaking News

സ്വകാര്യ ക്ഷേത്രങ്ങളിൽ എന്ത് ചെയ്യണമെന്ന് പോലീസ് തീരുമാനിക്കുന്നു: ടി.പി. സെൻകുമാർ

ഇടവ: കേരളത്തിലെ സ്വകാര്യ ക്ഷേത്രങ്ങളിൽ എന്ത് ചെയ്യണമെന്ന് പോലീസ് തീരുമാനിക്കുന്ന സാഹചര്യമാണെന്ന് മുൻ ഡിജിപി ടി.പി. സെൻകുമാർ ആരോപിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ഇടവയിൽ സംഘടിപ്പിച്ച ഹിന്ദു ഏകതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് സമയബന്ധിതമായ വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ചൈനയിൽ മൂന്ന് മാസത്തിനകം പൂർത്തിയാകുന്ന റോഡ് നിർമാണം ഇവിടെ നാല്പത് മുതൽ അൻപത് വർഷം വരെ നീളുന്ന അവസ്ഥയാണെന്നും പറഞ്ഞു. ലഹരി വ്യാപനം ഗുരുതരമായ സാമൂഹ്യ പ്രശ്നമായി മാറിയിരിക്കുന്നതായും, ലഹരിപദാർത്ഥങ്ങൾ വിൽക്കുന്നവരെ പോലീസുമായി സഹകരിച്ച് ജനങ്ങൾ ഒരുമിച്ച് പിടികൂടിയാലേ ഈ വിപത്ത് നിയന്ത്രിക്കാൻ കഴിയൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഫ്രീയായി ഒന്നും ലഭിക്കുന്നില്ല. എന്തെങ്കിലും സൗജന്യമായി ലഭിക്കുന്നുണ്ടെങ്കിൽ അതിന്റെ വില മറ്റാരോ നൽകുന്നുണ്ടെന്നു മനസ്സിലാക്കണം,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈന്ദവ സമൂഹത്തിന്റെ എണ്ണം കുറഞ്ഞുവരികയാണെന്നും, സമൂഹം വിവിധ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റിട്ട. സബ് ഇൻസ്പെക്ടർ മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. ശിവന്യ എൽ.ആർ അനുഗ്രഹ പ്രഭാഷണവും അഖിലേഷ് വി.സി മുഖ്യപ്രഭാഷണവും നടത്തി. വിജയകുമാർ പി.എസ്, കൈലാസം സുരേഷ്, രവീന്ദ്രൻ നായർ, എസ്. ദിനേശ് തുടങ്ങിയവർ സംസാരിച്ചു.

വെങ്കുളം എൻഎസ്എസ് കരയോഗ ഓഡിറ്റോറിയത്തിൽ നടന്ന ഇടവ പഞ്ചായത്ത് തല ഹിന്ദു ഏകതാ സമ്മേളനത്തിന്റെ ഭാഗമായി ഭക്തിഗാനാലാപനം, നാടൻപാട്ട്, കൈകൊട്ടിക്കളി എന്നിവയും അരങ്ങേറി

Related posts

Leave a Reply

Your email address will not be published. Required fields are marked *