
വര്‍ക്കല: വര്‍ക്കല ഇടവയില്‍ വനിത വില്ലേജ് ഓഫീസര്‍ക്കുനേരെ അസഭ്യവര്‍ഷവും കയ്യേറ്റശ്രമവും. ഇന്നലെയായിരുന്നു വനിത വില്ലേജ് ഓഫീസറായ ജൂലി വരദരാജന് നേരെ ഇടവ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ ചെമ്പകത്തുംമൂട്, പുത്തന്‍വിള വീട്ടില്‍ പവിത്രന്‍ അസഭ്യവര്‍ഷവും കയ്യേറ്റശ്രമവും നടത്തിയത്. ഒരു പരാതിക്കാരിയുടെ പരാതി കേട്ടുകൊണ്ടിരിക്കെയായിരുന്നു ഇയാളുടെ ആക്രമണം. പരാതിക്കാരിക്കൊപ്പം വന്നതായിരുന്നു പവിത്രന്‍. ഇയാള്‍ വില്ലേജ് ഓഫീസില്‍ വരുന്ന പരാതിക്കാരുടെ ഏജന്റായി പ്രവര്‍ത്തിക്കുന്ന ആളെന്നാണ് ലഭിക്കുന്ന വിവരമെന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞു.
മുമ്പ് ഇതേ പരാതിക്കാരി പരാതിയുമായി വില്ലേജ് ഓഫീസില്‍ വന്നെങ്കിലും പരാതി എഴുതി തന്നിരുന്നില്ല. ഇലക്ഷന്‍ സമയത്ത് തിരക്കായതിനാല്‍ പിന്നീട് വരാന്‍ പറഞ്ഞിരുന്നു. അതുപ്രകാരം അവര്‍ ഇന്നലെ പരാതിയുമായി വില്ലേജ് ഓഫീസില്‍ വന്നു. വസ്തു സന്ദര്‍ശിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന് അവരോട് പറയുകയും ചെയ്തു. എന്നാല്‍ പരാതിക്കാരിയുമായി ഇക്കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കവെ പവിത്രന്‍ എന്നയാള്‍ അസഭ്യം പറഞ്ഞുകൊണ്ട് ആക്രമിക്കുകയായിരുന്നു. രണ്ട് തവണ അയാള്‍ എന്നെ അടിക്കാനായി കൈവീശിയെങ്കിലും ഒഴിഞ്ഞുമാറിയതുകൊണ്ട് അടി കൊണ്ടില്ല. ജില്ല കളക്ടറെ തടഞ്ഞുവച്ച് ഒപ്പിടിയിച്ച ആളാണ് ഞാന്‍. പിന്നെയാണോ നീ എന്ന് ആക്രോശിച്ചുകൊണ്ടാണ് പവിത്രന്‍ ആക്രമിച്ചത്. വില്ലേജ് ഓഫീസില്‍ ഉണ്ടായിരുന്ന ഇയാളുടെ സഹോദരനും മറ്റൊരാളും ചേര്‍ന്നാണ് പവിത്രനെ പിടിച്ചുമാറ്റിക്കൊണ്ട് പോയത്-വനിത വില്ലേജ് ഓഫീസര്‍ വിശദീകരിച്ചു.
സംഭവത്തില്‍ വര്‍ക്കല ഡി.വൈ.എസ്.പിക്കും അയിരൂര്‍ പോലീസിനും ജില്ല കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജില്ല കളക്ടര്‍ റൂറല്‍ എസ്.പിക്ക് നിര്‍ദേശം നല്‍കി. അയിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.