
സംസ്ഥാനത്തെ ആദ്യ വിജിലൻസ് കമാൻഡോയായി നിവിൻ പോളിയെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: പ്രതികരണശേഷിയുള്ള ജനതയ്ക്ക് മാത്രമേ ശക്തവും കെട്ടുറപ്പുള്ളതുമായ ഭരണകൂടം സൃഷ്ടിക്കാനാകൂവെന്ന് നടൻ നിവിൻ പോളി പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടം സ്‌കൂളുകളിലും കോളേജുകളിലും നിന്നുതന്നെ ആരംഭിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ‘പ്രോജക്ട് സീറോ – വിജിലൻസ് കമാൻഡോ’ യുവജന ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സംസാരിക്കു കയായിരുന്നു നിവിൻ പോളി. ചടങ്ങിൽ വിജിലൻസ് കമാൻഡോ ബാഡ്ജ് അണിയിച്ച് അദ്ദേഹത്തെ സംസ്ഥാനത്തെ ആദ്യ വിജിലൻസ് കമാൻഡോയായി പ്രഖ്യാപിച്ചു.
അഴിമതിയില്ലാത്ത സമൂഹം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സംസ്ഥാന സർക്കാരിന്റെ സുപ്രധാന സംരംഭമാണ് പ്രോജക്ട് സീറോയെന്നും, പുതിയ തലമുറയ്ക്ക് പ്രതീക്ഷ പകരുന്ന പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്നും നിവിൻ പറഞ്ഞു.

തന്റെ ‘ആക്ഷൻ ഹീറോ ബിജു’ എന്ന സിനിമയിലെ കഥാപാത്രത്തെ അനുസ്മരിച്ചുകൊണ്ട്, നിയമത്തിലുള്ള വിശ്വാസമാണ് ഒരു സമൂഹത്തിന്റെ അടിത്തറയെന്നും ആ വിശ്വാസം നഷ്ടപ്പെട്ടാൽ സമൂഹം തകർച്ചയിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.കൈക്കൂലി വാങ്ങുകയോ നൽകുകയോ ചെയ്യുന്നതു മാത്രമല്ല അഴിമതി.
മറ്റൊരാളുടെ അവസരം ഇല്ലാതാക്കുന്നതും പണത്തിന്റെയോ അധികാരത്തിന്റെയോ സ്വാധീനത്തിൽ അർഹതകളെ മറികടക്കാൻ ശ്രമിക്കുന്നതും അഴിമതിയുടെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യസന്ധമായ വഴിയിലൂടെ വിജയിക്കാനാകില്ലെന്ന തെറ്റായ ധാരണ മാറ്റാൻ ബോധവത്കരണ പ്രവർത്തനങ്ങൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർഥികൾ കോപ്പിയടിക്കാതിരിക്കുക, കള്ളം പറയാതിരിക്കുക, മറ്റുള്ളവരുടെ വിജയം അംഗീകരിക്കുക, തെറ്റായ കൂട്ടുകെട്ടുകളിൽ നിന്ന് അകലം പാലിക്കുക തുടങ്ങിയ മൂല്യങ്ങൾ ജീവിതത്തിൽ വളർത്തിയെടുക്കേണ്ടതുണ്ടെന്നും നിവിൻ പറഞ്ഞു.
‘ഒരു വടക്കൻ സെൽഫി’ സിനിമയെ ഉദാഹരിച്ച് തെറ്റായ പ്രേരണ നൽകുന്ന സുഹൃത്തുക്കളെ തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമ്മിപ്പിച്ചു.ഇന്നത്തെ യുവതലമുറ എല്ലാ കാര്യങ്ങളും ചോദ്യം ചെയ്യുകയും തെളിവുകൾ ആവശ്യപ്പെടുകയും ചെയ്യുന്നവരാണെന്നും, ഇത്തരം സമീപനം ഭരണസംവിധാനങ്ങളെ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുമെന്നും നിവിൻ പറഞ്ഞു. സമൂഹത്തിൽ കാണുന്ന അഴിമതികൾക്കെതിരെ യുവാക്കൾ ധൈര്യത്തോടെ പ്രതികരിക്കണമെന്നും അതിന് സർക്കാരിന്റെയും പൊലീസിന്റെയും പൂർണ പിന്തുണ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …