
തിരുവനന്തപുരം: കേരള പോലീസ് സൈബര്‍ഡോമുമായി സഹകരിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. തിരുവനന്തപുരം, ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളിലെ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിനുവേണ്ടി ഫെബ്രുവരി ഇന്നലെ രാവിലെ 11 മണിക്ക് ബന്ധപ്പെട്ട വാണിജ്യബാങ്ക് നോഡല്‍ ഓഫീസര്‍മാരുടെ മീറ്റിംഗ് തിരുവനന്തപുരം റീജിയണല്‍ ഓഫീസില്‍ സംഘടിപ്പിച്ചു. ഓണ്‍ലൈന്‍ പേയ്മെന്റ് തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, ഇതിനെ അടിയന്തിരമായി ഗൗരവപൂര്‍വം നേരിടുന്നതിനും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിനും വേണ്ടിയാണ് മീറ്റിംഗ് നടന്നത്.
റീനി അജിത്ത്, റീജിയണല്‍ ഡയറക്ടര്‍, റിസര്‍വ് ബാങ്ക് (കേരള & ലക്ഷദ്വീപ്) യോഗം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തില്‍, ഡിജിറ്റല്‍ തട്ടിപ്പുകള്‍ തടയുന്നതിന് സാമ്പത്തിക മേഖലയിലെ എല്ലാ പങ്കാളികളില്‍നിന്നും സജീവമായ നടപടികളുടെ ഏകോപനത്തിന്റെ ആവശ്യകത അവര്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പ്രതിരോധിക്കുന്നതിനും ഉപഭോക്തൃ അവബോധം സൃഷ്ടിക്കുന്നതിനും ഉപഭോക്തൃ പരാതി പരിഹാരത്തിനും റിസര്‍വ് ബാങ്ക് സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ചും അവര്‍ വിശദീകരിച്ചു.
മനോജ് അബ്രഹാം ഐ.പി.എസ്, എ.ഡി.ജി.പി (എച്ച്ക്യു), നോഡല്‍ ഓഫീസര്‍, കേരള പോലീസ് സൈബര്‍ഡോം മുഖ്യ പ്രഭാഷണം നടത്തുകയും സാമ്പത്തിക തട്ടിപ്പുകളുടെ സമീപകാല പ്രവണതകളെക്കുറിച്ച് വിശദമായി വിശദീകരിക്കുകയും സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിന് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്തു.