

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് ഒരു മത്സ്യബന്ധന തൊഴിലാളിയെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശിയായ ബെനഡിറ്റിനെ(45)യാണ് കാണാതായത്. ഇയാളെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്. അഞ്ചുതെങ്ങ് സ്വദേശികളായ നാല് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. വള്ളം മറിഞ്ഞതോടെ തിരയില്‍പെട്ട 3 പേരില്‍ രണ്ടുപേരെ മറൈന്‍ എന്ഫ്ഴ്സ്മെന്ഡും ഒരാളെ മറ്റൊരു വള്ളത്തിലുമാണ് രക്ഷപെടുത്തിയത്. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരവെ ശക്തമായ തിരമാലയില്‍പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ സിന്ദുയാത്ര മാതാ എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. മുതലപ്പൊഴിയില്‍ നിരന്തരം വള്ളം മറിഞ്ഞ് അപകടമുണ്ടാകുന്നത് നാട്ടുകാര്‍ക്കിടയില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ വീണ്ടും വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായിരിക്കുന്നത്.






