
ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ഭൂമിപൂജ ചെയ്താണ് തറക്കല്ലിടല്‍ ചടങ്ങ് നടത്തിയത്. സെന്‍ട്രല്‍ വിസ്ത പദ്ധതിയെ എതിര്‍ത്തുകൊണ്ട് സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജികള്‍ തീര്‍പ്പാകും വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ശിലാസ്ഥാപനം നടത്തുന്നതിനും മന്ദിരത്തിന്റെ കടലാസ് ജോലികള്‍ക്കും തടസ്സമില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.
971 കോടി രൂപ ചെലവിലാണ് 64,500 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുന്നത്. കേന്ദ്രമന്ത്രിമാരായ മന്ത്രി അമിത് ഷാ, രാജ് നാഥ് സിങ്, രവിശങ്കര്‍ പ്രസാദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്, ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ, വിവിധ വിദേശ പ്രതിനിധികള്‍ എന്നിവരും നിരവധി ആത്മീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെയുള്ള സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് 20,000കോടിയാണ് ചെലവ് കണക്കാക്കുന്നത്.
സെന്‍ട്രല്‍ വിസ്ത പദ്ധതി പൂര്‍ത്തിയാകുന്നതോടെ രാഷ്ട്രപതിഭവന്‍, ഉപരാഷ്ട്രപതിഭവന്‍, പ്രധാനമന്ത്രിയുടെ വസതി, ഓഫീസ് എന്നിവ അടുത്തടുത്താകും. രാഷ്ട്രപതിഭവന്‍ ഇപ്പോഴത്തേതുതന്നെ തുടരും. നിലവിലെ പാര്‍ലമെന്റ് മന്ദിരം, നോര്‍ത്ത്-സൗത്ത് ബ്ലോക്കുകള്‍ എന്നിവ പൈതൃകകേന്ദ്രങ്ങളെന്ന നിലയില്‍ നിലനിര്‍ത്തും. ഇതോടെ വിജയ് ചൗക്ക് ഉള്‍പ്പെടുന്ന തന്ത്രപ്രധാനമേഖലയുടെ മുഖച്ഛായ മാറും. ത്രികോണാകൃതിയിലുള്ള പാര്‍ലമെന്റ് മന്ദിരവും അതിനടുത്തുതന്നെ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമെല്ലാം ഉള്‍പ്പെടുന്നതാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി.