Breaking News

ആനപ്പാറ സര്‍ക്കാര്‍ ഹൈസ്‌കൂളിന് പുതിയ മന്ദിരം; വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു

ആനപ്പാറ: പുതിയ അധ്യയന വര്‍ഷത്തില്‍ അരുവിക്കര ആനപ്പാറ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമ്മാനമായി പുതിയ ഇരുനില മന്ദിരം. കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. വ്യാപകമായ പൊതുജന പിന്തുണയും പങ്കാളിത്തവുമാണ് കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ സവിശേഷതയെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ വലിയ രീതിയില്‍ മെച്ചപ്പെടുത്തുകയും കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്‍കുകയും ആധുനിക വിദ്യാഭ്യാസ പ്രക്രിയകള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രാപ്യമാക്കുകയും ചെയ്തിട്ടുണ്ട്. അധ്യാപനത്തിന് ഒരു പ്രൊഫഷണല്‍ സമീപനവും ആവശ്യമായ മാറ്റങ്ങളുടെ സ്വീകാര്യതയും, ആവശ്യമായ എല്ലാ സ്‌കൂളുകളും മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങളും നടത്തിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പരമ്പരാഗത പരീക്ഷാ രീതികളില്‍ കാലോചിതമായ മാറ്റങ്ങള്‍ ആവശ്യമാണെന്നും വ്യത്യസ്ത കഴിവുകളും അഭിരുചികളുമുള്ള കുട്ടികളുടെ സര്‍ഗാത്മകത, വിമര്‍ശനാത്മക ചിന്ത, ആശയവിനിമയം, ടീം വര്‍ക്ക് എന്നിവയെ പരിപോഷിപ്പിക്കുന്നതായിരിക്കണം മൂല്യനിര്‍ണ്ണയങ്ങളെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ പരിഷ്‌കരണം എല്ലായ്പ്പോഴും കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും അവരെ ഭാവിയിലെ കഴിവുള്ള പൗരന്മാരായി വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്നതാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2019-20 പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് ആനപ്പാറ സര്‍ക്കാര്‍ ഹൈസ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിച്ചത്. 3,435 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പണിത കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ മൂന്ന് ക്ലാസ് മുറികള്‍, റാമ്പ്, പടിക്കെട്ടുകള്‍ എന്നിവയും മുകളിലത്തെ നിലയില്‍ രണ്ട് ക്ലാസ് മുറികള്‍, പടിക്കെട്ടുകള്‍ എന്നിവയുമാണുള്ളത്. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജി.സ്റ്റീഫന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി ആനന്ദ്, മറ്റ് പഞ്ചായത്തംഗങ്ങള്‍, പിഡബ്ല്യൂഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സജിം, സ്‌കൂള്‍ പ്രഥമാധ്യാപിക പി.ശ്രീജ, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുംപങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *