
ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി.അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, ഉമ്മന്‍ ചാണ്ടി എന്നിവര്‍ ഡല്‍ഹിയില്‍ എംപിമാരുമായി ചര്‍ച്ച നടത്തുകയാണ്. ഹൈക്കമാന്‍ഡ് നിര്‍ദേശത്തിന് വിരുദ്ധമായി ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സീറ്റ് വീതംവയ്ക്കുന്നതില്‍ പ്രതിഷേധിച്ച് കെ.സുധാകരനും കെ.മുരളീധരനും ചര്‍ച്ചയില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.
ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് താരിഖ് അന്‍വര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സിറ്റിങ് എം.എല്‍.എമാരുടെ പ്രഖ്യാപനമാവും ആദ്യഘട്ടത്തില്‍ ഉണ്ടാവുക. തിരുവനന്തപുരം ജില്ലയില്‍ ബി.ജെ.പി എ ക്ലാസ് സീറ്റായി പരിഗണിക്കുന്ന നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമുണ്ട്.
നേമത്ത് പി.സി.വിഷ്ണുനാഥും വട്ടിയൂര്‍ക്കാവില്‍ ജ്യോതി വിജയകുമാറും കഴക്കൂട്ടത്ത് എസ്.എസ്.ലാലും പരിഗണനയിലുണ്ട്. ടി.സിദ്ദിഖിനെ കല്പറ്റയില് മത്സരിപ്പിക്കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടതായാണ് വിവരം. കെ.സി.ജോസഫിന്റെ സാധ്യത മങ്ങിയിട്ടുണ്ട്, കെ.സി.ജോസഫിനെതിരേ എംപിമാരും രംഗത്ത് വന്നിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഉമ്മന്‍ചാണ്ടി കെ.സി.ജോസഫിന് വേണ്ടി ശക്തമായി തന്നെ രംഗത്തുണ്ടെങ്കിലും ഹൈക്കമാന്‍ഡ് അദ്ദേഹത്തിന്റെ പേര് വെട്ടാനാണ് സാധ്യത. എതിര്‍പ്പുകള്‍ കണ്ടില്ലെന്ന് നടിക്കനാവില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ അഭിപ്രായം.
തൃപ്പൂണിത്തുറയില്‍ കെ.ബാബുവിന് വേണ്ടിയും ഉമ്മന്‍ചാണ്ടി ശക്തമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ ബാബുവിനെതിരേയും എം.പിമാരുടെ പരാതിയുണ്ട്. എം.എം.ഹസനും ഇത്തവണ മത്സരിക്കില്ലെന്ന കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. കൊല്ലത്ത് ബിന്ദു കൃഷ്ണ, ആറന്മുളയില് ശിവദാസന്‍ നായര്‍ എന്നിവരാണ് സാധ്യതാ പട്ടികയിലുളളത്. കോന്നിയില്‍ റോബിന് പീറ്ററും സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു.