
ബി.ജെ.പി പ്രവര്‍ത്തകന്റെ വീട് ആക്രമിച്ച് വാഹനം കത്തിച്ചു
ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.എം ഇലക്ഷന് കമ്മിറ്റി ഓഫീസ് തല്ലിത്തകര്‍ത്തതായും പരാതി
ഉടയന്‍കാവ് ക്ഷേത്രത്തിനുനേരെയും ആക്രമണം
നാവായിക്കുളം: നാവായിക്കുളം കടമ്പാട്ടുകോണത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം. സി.പി.എം പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം സംഘര്‍ഷം നടന്നിരുന്നു. തുടര്‍ന്ന് സി.പി.എമ്മിന്റെ ഇലക്ഷന് കമ്മിറ്റി ഓഫീസ് തകര്‍ക്കപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
ഇതിനിടെ ഉടയന്‍കാവ് ക്ഷേത്രത്തിന്റെ ഫ്ളക്സും ഭജനപ്പുരയും ആക്രമിക്കപ്പെട്ടു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയെങ്കിലും രാത്രി ഒരു മണിയോടെ ബി.ജെ.പി പ്രവര്‍ത്തകനായ സന്തോഷിന്റെ(47) വീട് ആക്രമിക്കപ്പെട്ടു. അക്രമികള്‍ പെട്രോള്‍ ഒഴിച്ച് ബൈക്ക് കത്തിക്കുകയും ചെയ്തു.
സി.പി.എം പ്രവര്‍ത്തകരാണ് ബി.ജെ.പി പ്രവര്ത്തകന് സന്തോഷിന്റെ വീട് ആക്രമിച്ചതെന്ന് ബി.ജെ.പി ആരോപിക്കുന്നു. ആക്രമണം നടത്തിയ ശേഷം അക്രമിസംഘം സന്തോഷിന്റെ ഭാര്യയെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഉടയന് കാവ് ക്ഷേത്രത്തിന് നേരെയും സി.പി.എം പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. സമാധാന അന്തരീക്ഷം തകര്‍ക്കുന്ന സി.പി.എം ഗുണ്ടായിസത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി സജി.പി.മുല്ലനല്ലൂര്‍ ആവശ്യപ്പെട്ടു.
സന്തോഷിന്റെ വീട് ആക്രമിക്കപ്പെട്ട സമയത്ത് സന്തോഷിന്റെ ഭാര്യയും മക്കളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അക്രമികളുടെ പേരുള്‍പ്പെടെ കല്ലമ്പലം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, ബി.ജെ.പി പ്രവര്‍ത്തകര്‍ തങ്ങളുടെ ഇലക്ഷന് കമ്മിറ്റി ഓഫീസ് തല്ലിത്തകര്ത്തുവെന്നാരോപിച്ച് സി.പി.എമ്മും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പരാതികളില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിച്ചുവരികയാണെന്ന് കല്ലമ്പലം പോലീസ് പറഞ്ഞു. 16-ാം തീയതി തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ വീണ്ടും സംഘര്‍ഷമുണ്ടായേക്കാമെന്ന ആശങ്കയും നിലവിലുണ്ട്. അതിനാല്‍തന്നെ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുകയാണ്.