
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി സര്‍ക്കാരിനുമെതിരെ ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്. പുല്‍വാമ ഭീകരാക്രമണ സംഭവത്തില്‍ ഉണ്ടായ വീഴ്ച ബി.ജെ.പി സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് താഴെയിറക്കുമെന്നാണ് സത്യപാല്‍ മല്ലിക്ക് തുറന്നടിച്ചത്. പുല്‍വാമയിലെ വീഴ്ചയെ പറ്റി പറയരുതെന്ന് മോദി ആവശ്യപ്പെട്ടുവെന്നതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം പുല്‍വാമ ഭീകരാക്രമണത്തില്‍ അന്വേഷണം വേണമെന്നും വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു.
മോദിയെ പേരെടുത്ത് പറഞ്ഞ് ആക്രമിച്ച സത്യപാല്‍ മല്ലിക് മോദിക്ക് അഴിമതിയോട് എതിര്‍പ്പില്ലെന്നും തനിക്കെതിരെ മോദി സര്‍ക്കാര്‍ നടത്തിയത് പ്രതികാര നടപടിയാണെന്നും ആരോപിച്ചു. ഗോവയിലെ അഴിമതി തുറന്ന് പറഞ്ഞതിന് മോദി മേഘാലയിലേക്ക് മാറ്റി. റിലയന്‍സ് പദ്ധതിക്കായി റാം മാധവ് സമ്മര്‍ദ്ദം ചെലുത്തിയത് സിബിഐക്ക് മൊഴി നല്‍കിയതായും മല്ലിക് വിശദീകരിച്ചു. സിബിഐ നടപടിയും സുരക്ഷ കുറച്ചതും പ്രതികാര നടപടിയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.