Breaking News

ഗുരുദേവന്റെ സന്ദേശം മാനവികതയുടെ നയപ്രഖ്യാപനമെന്ന് മന്ത്രി ടി. സിദ്ദിഖ്

ശിവഗിരി: ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ മാനവികതയും സാഹോദര്യവും സമത്വവും ഉയർത്തിപ്പിടിക്കുന്ന നയപ്രഖ്യാപനങ്ങളായിരുന്നുവെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ശിവഗിരി സന്ദർശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ശിവഗിരിയിലെത്തിയ മന്ത്രി ആദ്യം ഗുരുദേവന്റെ മഹാസമാധിയിൽ എത്തി പ്രാർഥനകളിൽ പങ്കെടുത്തു. മഹാസമാധിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ, കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ ശ്രീനാരായണ ഗുരുവിന്റെ സംഭാവനകൾ അനന്യമാണെന്ന് അദ്ദേഹം പറഞ്ഞു.

“നമ്മുടെ നാട് അനേകം മഹത്‌വ്യക്തികളുടെ സാമൂഹിക നവോത്ഥാന പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്. അവരിൽ ഏറ്റവും പ്രധാനപ്പെട്ടത് ശ്രീനാരായണ ഗുരുവാണ്. 603 ദിവസം നീണ്ടുനിന്ന വൈക്കം സത്യാഗ്രഹം ലോകചരിത്രത്തിലെ ഒരു വിസ്മയമാണ്. ലോകമെമ്പാടുമുള്ള മനുഷ്യരോട് സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശം വിളിച്ചോതുന്ന അതുല്യ കൃതിയാണ് ദൈവദശകം. ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’ എന്ന ഗുരുദേവ സന്ദേശം ഒരു വാചകം മാത്രമല്ല, മനുഷ്യരാശിക്കുള്ള നയപ്രഖ്യാപനമാണ്,” മന്ത്രി പറഞ്ഞു.

തുടർന്ന് മന്ത്രി ശിവഗിരി മഠം അതിഥി മന്ദിരത്തിലെത്തി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉൾപ്പെടെയുള്ള മുതിർന്ന സ്വാമിമാരുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ശിവഗിരി മഠത്തിന്റെ വികസന ആവശ്യങ്ങളും വിവിധ പദ്ധതികളും ചർച്ചയായി.

ഈ വേളയിൽ, പ്രവർത്തനരഹിതമായ വർക്കല വാട്ടർ ടണൽ മൂടി ആറേക്കർ ഭൂമി വീണ്ടെടുക്കണമെന്ന മഠത്തിന്റെ ദീർഘകാല ആവശ്യം സ്വാമിമാർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിച്ച മന്ത്രി, ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ശ്രമിക്കുമെന്ന് ഉറപ്പുനൽകി.

മന്ത്രിയെ സ്വാഗതം ചെയ്ത സ്വാമി സച്ചിദാനന്ദ, ശിവഗിരിയുമായുള്ള ടി. സിദ്ദിഖിന്റെ ദീർഘകാല ബന്ധം അനുസ്മരിച്ചു. സംസ്ഥാന ബജറ്റിൽ ശ്രീനാരായണ കൺവെൻഷൻ സെന്ററിനായി 5 കോടി രൂപയും, ന്യൂഡൽഹിയിലെ ശ്രീനാരായണ സ്മാരകത്തിനും പട്ടത്തെ ആർ. ശങ്കർ സ്മാരകത്തിനുമായി ഒരു കോടി രൂപ വീതവും അനുവദിച്ചതിന് സർക്കാരിനോട് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ ഗുരുവിന്റെ പാരമ്പര്യവുമായി ബന്ധപ്പെട്ട പദ്ധതികൾക്കും ശിവഗിരി തീർഥാടന കേന്ദ്രത്തിന്റെ വികസനത്തിനുമായി സർക്കാരും ശിവഗിരി മഠവും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കും സന്ദർശനം വഴിയൊരുക്കി. മന്ത്രിയെ സ്വീകരിക്കാൻ യുഡിഎഫ് നേതാക്കളും പ്രവർത്തകരും ശിവഗിരിയിലെത്തിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *