Breaking News

ശുചിത്വ നഗരം, സുന്ദര നഗരം; ആറ്റിങ്ങലില്‍ മെഗാ ശുചീകരണ യജ്ഞം നാളെ

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭയുടെ സമഗ്ര ശുചീകരണം ലക്ഷ്യമിട്ട് ശുചിത്വ നഗരം, സുന്ദര നഗരം എന്ന ശുചീകരണ പരിപാടിയുടെ ഭാഗമായി നാളെ ആറ്റിങ്ങല്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ മെഗാ ശുചീകരണ യജ്ഞം നടക്കും. മെഗാ ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം നാളെ രാവിലെ 8 മണിക്ക് മാമത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഒ.എസ്.അംബിക എം.എല്‍.എ നിര്‍വഹിക്കും.

മാമം മുതല്‍ ആലംകോട് കൊച്ചുവിള ജംഗ്ഷന്‍ വരെയുള്ള ദേശീയപാതയുടെ ഇരുവശവുമാണ് ആദ്യഘട്ട ശുചീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി പറഞ്ഞു. തുടര്‍ന്ന് നഗരസഭയുടെ ഓരോ വാര്‍ഡുകളിലേക്കും ശുചീകരണ പദ്ധതി വ്യാപിപ്പിക്കും. ചെയര്‍പേഴ്‌സണ്‍ ചേംബറില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് അവര്‍ ശുചീകരണ പദ്ധതിയെ കുറിച്ച് വിശദമാക്കിയത്.

മാമം മുതല്‍ ആലംകോട് കൊച്ചുവിള ജംഗ്ഷന്‍ വരെയുള്ള ഭാഗം മാമം-മൂന്നമുക്ക്, മൂന്നുമുക്ക്-കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്-കച്ചേരി ജംഗ്ഷന്‍, കച്ചേരി ജംഗ്ഷന്‍-പൂവന്‍പാറ പാലം, പൂവന്‍പാറ പാലം-ആലംകോട് കൊച്ചുവിള ജംഗ്ഷന്‍ എന്നിങ്ങനെ 5 ഡിവിഷനുകളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മസേന, റസിഡന്‍സ് അസോസിയേഷനുകള്‍, വ്യാപാരി വ്യവസായികള്‍, എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍, എസ്.പി.സി, വിവിധ സംഘടനാ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങി സമൂഹത്തിലെ മുഴുവന്‍ വിഭാഗത്തെയും ഉള്‍പ്പെടുത്തിയാണ് മെഗാ ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നത്-അഡ്വ.എസ്.കുമാരി വ്യക്തമാക്കി.

വലിച്ചെറിയല്‍ മുക്ത നഗരമായി പ്രഖ്യാപിച്ച ആറ്റിങ്ങല്‍ നഗരത്തില്‍ കാടുപിടിച്ച് കിടക്കുന്ന വിവിധ പ്രദേശങ്ങള്‍ വെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കാനുള്ള നടപടികള്‍ നഗരസഭ ആരംഭിച്ചിട്ടുണ്ട്. അതിനോടനുബന്ധിച്ച് ഇപ്പോള്‍ നഗര സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി പാതയോരങ്ങളില്‍ പൂച്ചെടികളും വൃക്ഷങ്ങളും വച്ചുപിടിപ്പിക്കാനുള്ള നടപടികള്‍ക്ക് നഗരസഭ രൂപംനല്‍ക്കുന്നുണ്ട്-അഡ്വ.എസ്.കുമാരി കൂട്ടിച്ചേര്‍ത്തു. ഇതിന്റെയൊക്കെ ഭാഗമായി സംഘടിപ്പിക്കുന്ന ജനകീയ മെഗാ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഓരോരുത്തരും പങ്കെടുക്കണമെന്നും അഡ്വ.എസ്.കുമാരി അഭ്യര്‍ത്ഥിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *