Breaking News

മന്‍സൂര്‍ അല്ല, താനായിരുന്നു ലക്ഷ്യം; അക്രമികളെ കണ്ടാലറിയാമെന്നും മുഹ്‌സിന്‍

ചികിത്സയില്‍ കഴിയുന്ന മുഹ്‌സിന്‍, കൊല്ലപ്പെട്ട മന്‍സൂര്‍

കോഴിക്കോട്: മന്‍സൂറിനെയല്ല, തന്നെ ആക്രമിക്കാനാണ് സി.പി.എം അക്രമികള്‍ എത്തിയതെന്ന് കൂത്തുപറമ്പില്‍ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍. പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് അവര്‍ തന്നെ ആക്രമിച്ചത്. മന്‍സൂര്‍ ഇത് തടയാന്‍ ശ്രമിച്ചതോടെയാണ് ബോബെറിഞ്ഞ ശേഷം മന്‍സൂറിനെ ആക്രമിച്ചതെന്നും അക്രമികളെ കണ്ടാല്‍ അറിയാമെന്നും മുഹ്‌സിന്‍ പറഞ്ഞു. അക്രമികളെ കണ്ടാലറിയാമെന്നും സംഘത്തില്‍ ഇരുപതോളം പേരുണ്ടായിരുന്നുവെന്നും ഇതിലൊരാളെ നാട്ടുകാര്‍ പിടിച്ചുവച്ചെന്നും മുഹ്‌സിന്‍ വ്യക്തമാക്കി. ആക്രമണത്തില്‍ പരിക്കേറ്റ മുഹ്സിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
വോട്ട് ചെയ്യാന്‍ ലീഗുകാര്‍ ആളുകളെ കാറില്‍ എത്തിച്ചത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഉച്ചയോടെ പ്രശ്‌നം തണുത്തുവെങ്കിലും രാത്രിയോടെ വീണ്ടും അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു. രാത്രി എട്ട് മണിയോടെ മന്‍സൂറിന്റെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ബോംബെറിഞ്ഞ് പരിഭ്രാന്തി പടര്‍ത്തിയ ശേഷമാണ് മന്‍സൂറിനെ വെട്ടിയത്. മന്‍സൂറിനെയും പരുക്കേറ്റ സഹോദരനെയും കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മന്‍സൂര്‍ പുലര്‍ച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുനിന്ന് വാളും കണ്ടെടുത്തു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *