
തിരുവനന്തപുരം: അറബിക്കടലില്‍ ഇന്ന് രാവിലെ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നാളെ രാവിലെ അതിതീവ്ര ന്യൂനമര്‍ദ്ദവും ഞായറാഴ്ച ചുഴലിക്കാറ്റും ആയി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ടൗട്ടേ എന്നാണ് ചുഴലിക്കാറ്റിന് പേര് നല്‍കിയിരിക്കുന്നത്. ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി വടക്ക്-പടിഞ്ഞാറ് ഭാഗത്തോട്ടാണ് സഞ്ചരിക്കുക.
ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മേയ് 14ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും 15ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് റെഡ് അലേര്‍ട്ട്. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. സ്ഥിതിഗതികള്‍ നേരിടാനുള്ള തയാറെടുപ്പുകള്‍ നടത്താന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
കേരളത്തിലെത്തിയ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒന്‍പത് സംഘങ്ങളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. അറബിക്കടലിലെ ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റാണ് ടൗട്ടേ. മ്യാന്മറാണ് ചുഴലിക്കാറ്റിന് ഈ പേര് നിര്‍ദ്ദേശിച്ചത്. അപകട സാധ്യതയുള്ള ജില്ലകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.