
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ അനധികൃതമായി പരസ്യങ്ങള്‍ പതിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ക്യാമ്പസിനുള്ളില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ കെട്ടിടങ്ങളുടെ ചുമരുകളിലും ചുറ്റുമതിലുമെല്ലാം സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ പതിക്കുന്നത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായത്. പെയിന്റ് ചെയ്ത് നവീകരിച്ച ചുമരുകളില്‍ മാത്രമല്ല, ക്യാമ്പസിനുള്ളിലെ വൃക്ഷങ്ങളിലും ആണിയടിച്ചും പശ തേച്ചും പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
