Breaking News

മുഖ്യമന്ത്രി മഹാരാജാവല്ലെന്ന് പ്രതിപക്ഷ നേതാവ്; ജനങ്ങളുടെ ദാസനെന്ന് പിണറായിയുടെ മറുപടി: സഭയില്‍ വാക്‌പോര്

തിരുവനന്തപുരം: നിയമസഭയില്‍ ഭരണപക്ഷ-പ്രതിപക്ഷ വാക്‌പോര്. എസ്.എഫ്.ഐയുടെ പ്രവര്‍ത്തന രീതിയെകുറിച്ചായിരുന്നു സഭയിലെ പ്രതിപക്ഷത്തിന്റെ പ്രധാന വിമര്‍ശനം. എസ്.എഫ്.ഐ എന്ന ഗുണ്ടാപ്പട നിങ്ങളെയും കൊണ്ടേ പോകൂവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. കാര്യവട്ടം കാമ്പസില്‍ എസ്.എഫ്.ഐ നടത്തിയ സംഘര്‍ഷത്തെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു വി.ഡി.സതീശന്‍. ‘സിദ്ധാര്‍ത്ഥന്റെ മരണമുണ്ടായപ്പോള്‍ ഇത്തരത്തില്‍ ഒരു സംഭവം ഇനി ആവര്‍ത്തിക്കില്ലെന്നാണ് കേരള മനസ്സാക്ഷി വിചാരിച്ചത്. എന്നാല്‍ വീണ്ടും സമാനമായ സംഭവങ്ങളുണ്ടാകുന്നു. കാര്യവട്ടം ക്യാമ്പസിലെ ഇരുണ്ട മുറിയില്‍ കൊണ്ടുപോയി വിചാരണ നടത്തി. ആശുപത്രിയില്‍ കൊണ്ടുപോകാതെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആരെയും തല്ലിക്കൊല്ലാനുള്ള ലൈസന്‍സ് എസ്എഫ്‌ഐക്ക് കേരളത്തിലെ മുഖ്യമന്ത്രി തന്നെ നല്‍കുന്നത് ജനം വിലയിരുത്തട്ടേയെന്നും സതീശന്‍ തുറന്നടിച്ചു.

ഇത് കേരളമാണോയെന്ന വി.ഡി.സതീശന്റെ ചോദ്യം ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു. ഭരണപക്ഷത്തിന്റെ പ്രകോപനത്തോടെ വി.ഡി.സതീശന്‍ ക്ഷുഭിതനായി. ഇതോടെ പ്രതിപക്ഷാംഗങ്ങളും സീറ്റില്‍ നിന്നു എഴുന്നേറ്റു. 29 വര്‍ഷം സിപിഎമ്മിന്റെ അധ്യാപക സംഘടനയില്‍ പ്രവര്‍ത്തിച്ച ആളാണ് എസ്എഫ്‌ഐയുടെ അതിക്രമമൂലം ബിജെപിയിലെത്തിയത്. അവരായിരുന്നു ആലത്തൂരിലെ സ്ഥാനാര്‍ഥിയെന്നും സതീശന്‍ പറഞ്ഞു. ബഹളമായതോടെ സ്പീക്കര്‍ ഇടപെട്ടു. ഇതോടെ മുഴുവന്‍ പറഞ്ഞിട്ടെ പോകുവെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. സി.പി.എമ്മിന്റെ ഘടകകക്ഷിയായ സി.പി.ഐയുടെ മുഖപത്രം പോലും എസ്.എഫ്.ഐയെ ഫാസിസ്റ്റ് കഴുകന്‍ കൂട്ടങ്ങളെന്നാണ് വിശേഷിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സംഘപരിവാറിനെ സന്തോഷിപ്പിക്കാനാണ് എസ്.എഫ്.ഐ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതെന്നും ആരോപിച്ചു. കേരളത്തിലെ ക്യാമ്പസുകളില്‍ എസ്എഫ്‌ഐയെ നിയന്ത്രിക്കാന്‍ ആരും ഇല്ലാത്ത അവസ്ഥയാണെന്നും പറഞ്ഞു.

മുഖ്യമന്ത്രി, നിങ്ങള്‍ മഹാരാജാവല്ല. നിങ്ങള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നും മറക്കരുതെന്നും സതീശന്‍ തുറന്നടിച്ചു. ഇതോടെ മറുപടി നല്‍കിയ പിണറായി വിജയന്‍, ഞാന്‍ മഹാരാജാവല്ലെന്നും ജനങ്ങളുടെ ദാസനാണെന്നും എല്ലാകാലത്തും ജനങ്ങള്‍ക്കൊപ്പമാണ് ജനങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യുമെന്നും മറുപടി നല്‍കി. ഇതോടെ മുഖ്യമന്ത്രി മഹാരാജാവ് അല്ലെന്ന് വീണ്ടും ജനങ്ങള്‍ ഓര്‍മപ്പെടുത്തുന്നുവെന്നായിരുന്നു വിഡി സതീശന്‍ നല്‍കിയ മറുപടി. ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും നേര്‍ക്കുനേര്‍ വാക്കേറ്റമായി. ഇരുപക്ഷവും സഭയുടെ നടുത്തളത്തിന് അരികിലേക്കിറങ്ങി. സഭയില്‍ നിന്നും ഇറങ്ങി പോകുമെന്ന് പ്രതിപക്ഷ നേതാവ് പറയാതിരുന്നതോടെ വാക്കോവര്‍ നടത്തുകയാണോ എന്ന് പ്രതിപക്ഷ നേതാവിനോട് സ്പീക്കര്‍ ആവര്‍ത്തിച്ച് ചോദിച്ചു.

എന്നാല്‍ വി ഡി സതീശന്‍ മറുപടി നല്‍കിയില്ല. ഇതോടെ പ്രതിപക്ഷ നേതാവ് ചെയറിനെ ഭീഷണിപ്പെടുത്തുന്നുവെന്ന് എംബി രാജേഷ് മറുപടി നല്‍കി. ചെയറിന് നേരെ ആക്ഷേപസ്വരങ്ങള്‍ ചൊരിയുന്നത് ശരിയല്ലെന്ന് സ്പീക്കറും മറുപടി നല്‍കി. ഇത് എല്ലാവര്‍ക്കും ബാധകമാണ്. ചെയറിനു നേരെയുളള ആക്ഷേപം ജനാധിപത്യ സമൂഹത്തിന് ചേരുന്നതല്ലെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു. പരാതികള്‍ ഉണ്ടെങ്കില്‍ ചേമ്പറില്‍ വന്നു പറയണമെന്നും സ്പീക്കര്‍ നിിര്‍ദ്ദേശിച്ചു. ഇതോടെ പ്രതിപക്ഷം പ്ലക്കാര്‍ഡ് ഉയര്‍ത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധമായി. പിന്നാലെ നടപടികള്‍ വേഗത്തില്‍ ആക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. അതേസമയം, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എസ്.എഫ്.ഐക്ക് എതിരെ രംഗത്തെത്തി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നതിന്റെ അര്‍ത്ഥം പോലും അറിയാത്തവരാണ് എസ്.എഫ്.ഐ നേതാക്കളെന്നും അദ്ദേഹം വിമര്‍ശിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *