

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന് കൊലക്കേസിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയും വടകര എം.എല്‍.എയുമായ കെ.കെ.രമ. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ രമ മുഴുവന്‍ പ്രതികളും നിയമത്തിന് മുന്നില്‍ വന്നിട്ടില്ലെന്നും കൂടുതല്‍ ഗൂഢാലോചന പുറത്തുവരേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. ഇതിനായി നിയമ പോരാട്ടം തുടരുമെന്നും അവര്‍ വ്യക്തമാക്കി. രാഷ്ട്രീയം പറഞ്ഞതിന്റെ പേരില്‍, അല്ലെങ്കില്‍ അഭിപ്രായ വ്യത്യാസം പറഞ്ഞതിന്റെ പേരില്‍ ആരെയും കൊല്ലരുത് എന്ന സന്ദേശമാണ് ഈ വിധിയുടെ പ്രാധാന്യമെന്നും രമ പറഞ്ഞു.


നേരത്തെ, ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും ജീവപര്യന്തം ശിക്ഷയാണ് വിചാരണക്കോടതി വിധിച്ചത്. ഇത് ഹൈക്കോടതി ഇരട്ട ജീവപര്യന്തമാക്കി ഉയര്‍ത്തി. ഇവര്‍ക്ക് 20 വര്‍ഷത്തേക്ക് പരോളോ ശിക്ഷാകാലാവധിയില്‍ ഇളവോ നല്‍കരുതെന്നും കോടതി വിധിച്ചു. കെ.കെ.കൃഷ്ണന്, ജ്യോതിബാബു എന്നിവരെ പുതുതായി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇരുവര്‍ക്കും ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. കെ.കെ.രമയ്ക്ക് 7.5 ലക്ഷം രൂപയും മകന് അഭിനന്ദിന് 5 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കണമെന്നും ഹൈക്കോടതി വിധിച്ചു. പ്രതികളെല്ലാം 1 ലക്ഷം രൂപ പിഴയൊടുക്കണം. ഇല്ലെങ്കില്‍ അതിനുള്ള തടവ് ശിക്ഷയും അനുഭവിക്കേണ്ടിവരും.


