

എറണാകുളം: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയയ്ക്കെതിരെയുള്ള കേസില്‍ കേരള പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മാധ്യമ പ്രവര്ത്തകന് ജി.വിശാഖന്റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് നടപടിക്കെതിരെയാണ് ഹൈക്കോടതി കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ചത്. പ്രതി അല്ലാത്ത ആളുടെ മൊബൈല്‍ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്ന് ചോദിച്ച കോടതി അദ്ദേഹത്തിന്റെ ഫോണ്‍ ഉടന്‍ വിട്ടുനല്‍കണമെന്നും പോലീസിന് നിര്‍ദേശം നല്കി. മാധ്യമപ്രവര്‍ത്തകന്റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടുവെന്നും ഹൈക്കോടതി പറഞ്ഞു.

കേസില്‍ അന്വേഷണം നടത്താന്‍ പോലീസിന് അധികാരമുണ്ട്, എന്നാല്‍ പ്രതി അല്ലാത്ത ഒരാളെ കസ്റ്റഡിയിലെടുക്കാന്‍ എങ്ങനെ സാധിക്കും? മാധ്യമപ്രവര്‍ത്തകര്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. നടപടികള്‍ പാലിക്കാതെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കരുത്. എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും മൊബൈലുകള്‍ പിടിച്ചെടുക്കുമോ?-കോടതി ചോദിച്ചു. കേസിലെ പ്രതിയെ പിടിക്കാന്‍ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണ്. അതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

