Breaking News

കല്ലമ്പലത്തെ കൊലപാതകങ്ങൾ; സുഹൃത്തുക്കളിൽ ഒരാൾ അറസ്റ്റിൽ

വർക്കല : കല്ലമ്പലത്ത് രണ്ടു ദിവസത്തിനിടെ നടന്ന തുടർകൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഇവർക്കൊപ്പം മദ്യപിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ. മണമ്പൂർ കണ്ണങ്കര പുന്നക്കാട്ട് വീട്ടിൽ മോങ്കുട്ടൻ എന്നുവിളിക്കുന്ന സജീവ് കുമാറാ(51)ണ് അറസ്റ്റിലായത്. ചേന്നൻകോട് മുള്ളറംകോട് അജീഷ് ഭവനിൽ അജിത്തി(29)നെ പിക്കപ്പ് വാനിടിച്ചുകൊന്ന കേസിലാണ് അറസ്റ്റ്.

പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥനായ മുള്ളറംകോട് കാവുവിളയിൽ അജികുമാർ (തമ്പി-49) കൊല്ലപ്പെട്ട കേസിൽ അന്വേഷണം നടക്കുകയാണ്. കെ.എസ്.ആർ.ടി.സി. ബസിനു മുന്നിൽ ചാടി ആത്മഹത്യചെയ്ത ചേന്നൻകോട് പ്രസിഡന്റ് ജങ്ഷൻ കാവുവിള വീട്ടിൽ ബിനുരാജാ(ബാബുക്കുട്ടൻ-46)ണ് അജികുമാറിനെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ശാസ്ത്രീയപരിശോധനയ്ക്കു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് റൂറൽ എസ്.പി. ദിവ്യ വി.ഗോപിനാഥ് പത്രസമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലാണ് മുള്ളറംകോടിനെ ഞെട്ടിച്ച് പ്രദേശവാസികളും സുഹൃത്തുക്കളുമായ മൂന്നുപേരിൽ രണ്ടുപേർ കൊല്ലപ്പെടുകയും ഒരാൾ ജീവനൊടുക്കുകയും ചെയ്തത്. അജികുമാർ, അജിത്ത്, ബിനുരാജ് എന്നിവരാണ് മരിച്ചത്. അജികുമാറിന്റെയും അജിത്തിന്റെയും മരണം കൊലപാതകവും ബിനുരാജ് ആത്മഹത്യചെയ്തതാണെന്നും പോലീസ് സ്ഥിരീകരിച്ചിരുന്നു.

ഒറ്റയ്ക്കുതാമസിച്ചുവന്ന അജികുമാറിനെ തിങ്കളാഴ്ച രാവിലെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. അന്നുരാത്രി ഒന്നരയോടെ പിക്കപ്പ് വാൻ ഇടിച്ചാണ് അജിത്ത് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ദേശീയപാതയിൽ നാവായിക്കുളം മങ്ങാട്ടുവാതുക്കലിന് സമീപം കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റിടിച്ചാണ് ബിനുരാജ് മരിച്ചത്. മൂന്ന് മരണങ്ങൾക്കും പരസ്പരബന്ധമുണ്ടെന്ന് തെളിഞ്ഞതോടെയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്.

മരണങ്ങളിലേക്ക് എത്തിച്ചത് അമിത മദ്യപാനം

അമിതമദ്യപാനമാണ് മൂന്നുപേരുടെ മരണങ്ങൾക്ക് കാരണമായതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി അജികുമാർ സുഹൃത്തുക്കളുമായി ഇയാളുടെ വീടിനടുത്തിരുന്ന് മദ്യപിച്ചിരുന്നു. പിറ്റേന്ന് രാവിലെയാണ് വീട്ടിലെ സിറ്റൗട്ടിൽ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളുമായി ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടത്.

സുഹൃത്തുക്കളായ പടയപ്പ വിനോദ്, പ്രമോദ്, അജിത്ത്, അജി, ജാക്വിലിൻ, സജീവ് എന്നിവർ അജികുമാറിന്റെ മരണത്തിന്റെ പിറ്റേന്ന് രാത്രി അജികുമാറിന്റെ വീടിനു സമീപത്തെ ഒഴിഞ്ഞ പുരയിടത്തിലിരുന്ന് വീണ്ടും മദ്യപിച്ചു. അജികുമാറിന്റെ മരണത്തിനു പിന്നിലുള്ള കാര്യങ്ങൾ സജീവിനറിയാം എന്നുപറഞ്ഞ് സജീവുമായി അജിത്തും പ്രമോദും ജാക്വിലിനും തമ്മിൽ തർക്കവും കൈയേറ്റവുമുണ്ടായി. ഇതിൽ പ്രകോപിതനായ സജീവ്, നടന്നുപോയ മൂവരെയും ഇയാളുടെ പിക്കപ്പ് വാൻ ഇടിച്ച് കൊല്ലാൻ ശ്രമിച്ചു. ദേഹത്തുകൂടി വാഹനം കയറിയിറങ്ങിയ അജിത്ത് അപ്പോൾത്തന്നെ മരിച്ചു. പ്രമോദിന് ഗുരുതരമായും ജാക്വിലിന്‌ ചെറുതായും പരിക്കേറ്റു. തുടർന്ന് സജീവിനെ പിടികൂടുകയും വാഹനം പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൊല്ലപ്പെടുന്നതിന്റെ തലേദിവസം അജികുമാറിനോടൊപ്പമിരുന്ന് മദ്യപിച്ചവരെ ചോദ്യം ചെയ്തപ്പോൾ, ബിനുരാജിനും മറ്റു ചിലർക്കും അദ്ദേഹത്തോടു കടുത്ത ശത്രുതയുള്ളതായി മനസ്സിലാക്കിയെന്ന് പോലീസ് പറഞ്ഞു. ബിനുരാജും ജാക്വിലിൻ, നന്ദു, സനൽ, വിപിൻ എന്നിവരും ചേർന്നാണ് അജികുമാറിന്റെ വീടിനടുത്തുള്ള ഒഴിഞ്ഞ പുരയിടത്തിലെ ഷെഡ്ഡിലിരുന്ന് മദ്യപിച്ചത്. അന്നുരാത്രി ബിനുരാജും വിപിനും മാത്രമുള്ളപ്പോൾ അജികുമാർ എത്തുകയും മുൻവൈരാഗ്യത്തിന്റെ പേരിൽ ബിനുരാജുമായി വാക്കുതർക്കമുണ്ടാകുകയും ചെയ്തതായി വിപിൻ പോലീസിനോട് പറഞ്ഞു. തുടർന്ന് വിപിനെ ബിനുരാജ് വീട്ടിലാക്കിയശേഷം അജികുമാർ ഇരുന്ന ഭാഗത്തേക്ക് മടങ്ങിപ്പോയി. അജികുമാർ മരിച്ച രാത്രി നടന്ന കാര്യങ്ങൾ ആരോടും പറയരുതെന്നു ബിനുരാജ് ആവശ്യപ്പെട്ടിരുന്നതായും വിപിൻ പറഞ്ഞു.

അജികുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് സംശയത്തി ലിരിക്കെയാണ് ബിനുരാജ് ചൊവ്വാഴ്ച രാവിലെ ദേശീയപാതയിൽ 28-ാം മൈലിനു സമീപം കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റിടിച്ച് മരിച്ചത്. ഇയാളുടെ ജിംനേഷ്യ ത്തിൽ നിന്നുൾപ്പെടെ ഫൊറൻസിക്, ഫിംഗർപ്രിന്റ് വിദഗ്ധർ തെളിവു കൾ ശേഖരിച്ചിട്ടുണ്ട്. കേസിൽ മറ്റുപ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *