Breaking News

രാഷ്ട്രീയ കൊലയെന്ന് പോലീസ്; പത്തിലധികം പേര്‍ക്ക് പങ്ക്, ഒരാള്‍ കസ്റ്റഡിയില്‍

സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ സംഭവ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍. കൊല്ലപ്പെട്ട മന്‍സൂര്‍

കണ്ണൂര്‍: പാനൂരിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകം രാഷ്ട്രീയ പകപോക്കലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പത്തിലധികം പേര്‍ക്ക് പങ്കുണ്ടെന്നും ഒരാളെ കസ്റ്റഡിയില്‍ എടുത്തുവെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിലെ ഗൂഢാലോചനയും അന്വേഷിക്കുന്നുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പറ്റുകയുള്ളൂവെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. ആക്രമണം നടന്ന സ്ഥലം കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് കൂത്തുപറമ്പില്‍ ലീഗ് പ്രവര്‍ത്തകനായ മന്‍സൂര്‍ കൊല്ലപ്പെട്ടത്.
മന്‍സൂറിനെയല്ല, തന്നെ ആക്രമിക്കാനാണ് സി.പി.എം അക്രമികള്‍ എത്തിയതെന്ന് കൂത്തുപറമ്പില്‍ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് അവര്‍ തന്നെ ആക്രമിച്ചത്. മന്‍സൂര്‍ ഇത് തടയാന്‍ ശ്രമിച്ചതോടെയാണ് ബോബെറിഞ്ഞ ശേഷം മന്‍സൂറിനെ ആക്രമിച്ചതെന്നും അക്രമികളെ കണ്ടാല്‍ അറിയാമെന്നും മുഹ്‌സിന്‍ പറഞ്ഞു. അക്രമികളെ കണ്ടാലറിയാമെന്നും സംഘത്തില്‍ ഇരുപതോളം പേരുണ്ടായിരുന്നുവെന്നും ഇതിലൊരാളെ നാട്ടുകാര്‍ പിടിച്ചുവച്ചെന്നും മുഹ്‌സിന്‍ വ്യക്തമാക്കി. ആക്രമണത്തില്‍ പരിക്കേറ്റ മുഹ്സിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
വോട്ട് ചെയ്യാന്‍ ലീഗുകാര്‍ ആളുകളെ കാറില്‍ എത്തിച്ചത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഉച്ചയോടെ പ്രശ്‌നം തണുത്തുവെങ്കിലും രാത്രിയോടെ വീണ്ടും അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു. രാത്രി എട്ട് മണിയോടെ മന്‍സൂറിന്റെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ബോംബെറിഞ്ഞ് പരിഭ്രാന്തി പടര്‍ത്തിയ ശേഷമാണ് മന്‍സൂറിനെ വെട്ടിയത്. മന്‍സൂറിനെയും പരുക്കേറ്റ സഹോദരനെയും കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മന്‍സൂര്‍ പുലര്‍ച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുനിന്ന് വാളും കണ്ടെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *