
കിളിമാനൂർ: ഒമ്പതാംക്ലാസ് വിദ്യാർഥിനിയായ പതിനാലുകാരിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വിഴിഞ്ഞം കോട്ടുകാൽ മാങ്കോട്ടുകോണം എസ്.ഡി ഭവനിൽ നന്ദു എന്ന അബി സുരേഷിനെ (21)യാണ് നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പ്രതി മറ്റൊരു പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും നിയമപരമായി ഈ വിവാഹബന്ധം രജിസ്റ്റർ ചെയ്തിട്ടില്ല. അടുത്തിടെയാണ് നഗരൂർ സ്വദേശിയായ 14കാരിയുമായി പരിചയപ്പെടുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് പ്രതിയും പെൺകുട്ടിയും പരിചയത്തിലാകുന്നത്. പ്രതി നിരന്തരം നിർബന്ധിച്ച് പെൺകുട്ടിയെ പലയിടങ്ങളിലും കൂട്ടിക്കൊണ്ടുപോയിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപെട്ട വീട്ടുകാർ സ്കൂളിലും പൊലീസിലും പരാതി നൽകുകയായിരുന്നു.
സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലും പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി. തുടർന്ന് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും പെൺകുട്ടിയെ തിരുവനന്തപുരത്തുള്ള ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് മുമ്പിൽ സ്കൂൾ അധികൃതർ എത്തിക്കുകയുമായിരുന്നു. പിന്നീട് പെൺകുട്ടിയെ കരമനയിലെ സർക്കാർ സംരക്ഷണ കേന്ദ്ര ത്തിലേക്ക് മാറ്റി.
നഗരൂർ പൊലീസ് എത്തി മൊഴിയെടുത്തപ്പോഴാണ് പീഡനം പുറത്ത് പറഞ്ഞത്. പ്രതി വിഴിഞ്ഞത്തും മറ്റും കൊണ്ടുപോയി പലതവണ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴിനൽകി. നഗരൂർ സ്റ്റേഷനിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജ രാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.