Breaking News

മോഹന്‍ലാലിനെതിരായ അധിക്ഷേപം; ചെകുത്താനെ പൂട്ടാന്‍ പോലീസ്

തിരുവല്ല: നടന്‍ മോഹന്‍ലാലിനെ അധിക്ഷേപിച്ച സംഭവത്തില്‍ യൂട്യൂബര്‍ അജു അലക്‌സിനെ(ചെകുത്താന്‍)തിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ്. ഇത്തരം യൂട്യൂര്‍മാരെ നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്നും അതിന് പോലീസിന്റെ ഉന്നത തലങ്ങളില്‍നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും തിരുവല്ല സി.ഐ സുനില്‍ കൃഷ്ണന്‍ പറഞ്ഞു. അജു അലക്‌സിന്റെ പക്കല്‍നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കും. പൊലീസ് നിയമപരമായാണ് എല്ലാ നടപടിയും സ്വീകരിച്ചിട്ടുള്ളത്. തെളിവെടുപ്പിന്റെ ഭാഗമായാണ് വീട്ടില്‍ പോയത്. കേസുമായി ബന്ധപ്പെട്ട് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖ്, മോഹന്‍ലാല്‍ അടക്കമുള്ളവരുടെ വിശദമായ മൊഴിയെടുത്ത് കോടതിയില്‍ നല്‍കും. ടെറിട്ടോറിയല്‍ ആര്‍മിയും ചെകുത്താനെതിരെ കേസിന് പോകുമെന്നാണ് അറിയുന്നത്-അദ്ദേഹം വിശദീകരിച്ചു.

അതേസമയം, താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അജു അലക്‌സും വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് അജു അലക്‌സിന്റെ പ്രതികരണം. മോഹന്‍ലാല്‍ വയനാട്ടിലെ ദുരന്തമേഖലയില്‍ പോയത് ശരിയായില്ലെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. കേരളത്തില്‍ ഒരുപാട് പേര്‍ക്ക് മോഹന്‍ലാല്‍ വയനാട്ടില്‍ പോയതിനെക്കുറിച്ച് ഇതേ അഭിപ്രായമുണ്ടെന്നും അജു അലക്‌സ് അവകാശപ്പെട്ടു. എന്നാല്‍, ഞാന്‍ ഉപയോഗിച്ച വാക്കുകള്‍ ശരിയായിരുന്നില്ല. ഉപയോഗിച്ച വാക്കുകള്‍ ശരിയായില്ലെങ്കിലും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. മോഹന്‍ലാലിനെതിരെ സൈന്യത്തിന് തന്നെ പരാതി നല്‍കും. ദുരന്തമുഖത്ത് പരിശീലനം കിട്ടിയ ആളുകളുടെ സാന്നിധ്യമാണ് അപ്പോള്‍ അവിടെ വേണ്ടത്. ജീവന്‍ രക്ഷിക്കാനുള്ള മിലിട്ടറിയുടെ വിലപ്പെട്ട സമയമാണ് അത്രയും നേരം പോയത്. സൈന്യത്തിന്റെ വിലപ്പെട്ട സമയം മോഹന്‍ലാല്‍ കളഞ്ഞു-അജു അലക്‌സ് വിശദീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *