
വർക്കല: അയന്തിയിൽ ഞായറാഴ്ച രാവിലെ 10:40 നാണ് കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞത്. പഴയ റെയിൽവേ മേൽപ്പാലത്തിനു സമീപത്തു കൂടിയുള്ള റോഡിലൂടെ ബന്ധു വീട്ടിലേക്ക് പോയ പോരേടം സ്വദേശിയുടെ കാറാണ് കുഴിയിലേക്ക് മറിഞ്ഞത്. എന്നാൽ ഭാഗ്യവശാൽ കാർ വശത്തുള്ള മരത്തിൽ തട്ടി നിൽക്കുന്ന അവസ്ഥയിൽ ആയിരുന്നു കുഴിയിലേക്ക് മറിഞ്ഞ കാറിനകത്തിരുന്നവർ തന്നെയാണ് ഫോൺ വിളിച്ച് ബന്ധുക്കളെ അപകടവിവരം അറിയിച്ചത്.
അങ്ങനെയാണ് ബന്ധുക്കളും നാട്ടുകാരും അപകടസ്ഥലത്തേക്ക് ഓടിയെത്തിയത് . ഉടൻതന്നെ വർക്കല ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും മിനിറ്റുകൾക്കകം അവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു. യാത്രക്കാർക്ക് കാറിനകത്ത് നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ജെ.സി.ബി ഉപയോഗിച്ച് കാറിനെ കെട്ടിവലിച്ച് മുകളിലേക്ക് അല്പം ഉയർത്തിയതിനു ശേഷമാണ് യാത്രക്കാരെ പുറത്തിറക്കാനായത് . അതിനുശേഷമാണ് കാറിനെ വലിച്ച് റോഡിലേക്ക് കയറ്റിയത് .കെ എൽ 46 – R 68141 എന്ന ഇയോൺ കാറാണ് അപകടത്തിൽപ്പെട്ടത് . വർക്കല ഫയർ ഫോഴ്സിൽ നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജി കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്.
പോരേടം വടക്കതിൽ ഹൗസിൽ റബീനയും(44) മക്കളായ അനസ്(20), നസീമ (17) എന്നിവരോടൊപ്പം കാറോടിച്ചിരുന്ന ബന്ധുവായ റാഷിദ് (27) എന്നിവർ ഒരു പരിക്കുകളും കൂടാതെ രക്ഷപ്പെട്ടു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും, അപകടത്തിൽപ്പെട്ടതിൻറ്റെ നടുക്കം ഇതുവരെ വിട്ടുമാറിയിട്ടില്ലെന്നും കുടുംബം വ്യക്തമാക്കി.



