Breaking News

ഹിജാബ് നിരോധനം; ഹൈക്കോടതി ഉത്തരവിനെതിരെ സമസ്ത സുപ്രീംകോടതിയിൽ

നിരോധനം ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമെന്ന് സമസ്ത പറഞ്ഞു. ഖുർആൻ വ്യാഖ്യാനിക്കുന്നതിൽ ഹൈക്കോടതിക്ക് തെറ്റ് പറ്റി എന്നാണ് ഹർജിയിലുള്ളത്.

ദില്ലി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കർണ്ണാടക ഹൈക്കോടതി വിധിക്കെതിരെ സമസ്ത സുപ്രീംകോടതിയിൽ ഹർജി നൽകി. നിരോധനം ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമെന്ന് സമസ്ത പറഞ്ഞു. ഖുർആൻ വ്യാഖ്യാനിക്കുന്നതിൽ ഹൈക്കോടതിക്ക് തെറ്റ് പറ്റി എന്നാണ് ഹർജിയിലുള്ളത്. സമസ്ത ജന.സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരാണ് ഹർജിക്കാരൻ. അഡ്വ സുൽഫിക്കറലിയാണ് അഭിഭാഷകൻ.

മുസ്ലിം സ്ത്രീകൾ പൊതു സ്ഥലങ്ങളിൽ മുഖവും, കഴുത്തും ശിരോവസ്ത്രം ഉപയോഗിച്ച് മറയ്ക്കണമെന്ന് ഖുറാൻ നിഷ്കര്‍ഷിച്ചിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുഴുവൻ മുസ്ലിം മത വിശ്വാസികളെയും ബാധിക്കുന്ന വിഷയമായതിനാലാണ് ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നതെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ സമസ്ത വ്യക്തമാക്കിയിട്ടുണ്ട്. ഖുറാനിലെ രണ്ട് വചനങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് വ്യാഖ്യാനിച്ചാണ് ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയതെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

അനിവാര്യമായ മതാചാരങ്ങൾ പാലിക്കാൻ ഭരണഘടനയുടെ 25 ആം അനുച്ഛേദം നൽകുന്ന ഉറപ്പിന്റെ ലംഘനമാണ് ഹിജാബ് നിരോധനം. ഈ നിരോധനം ബഹുസ്വരതയ്ക്കും, എല്ലവരെയും ഉൾക്കൊള്ളുക എന്ന നയത്തിനും എതിരാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം ഏർപെടുത്തുന്നതിനോട് തങ്ങൾക്ക് എതിർപ്പില്ലെന്നും സമസ്ത ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ യൂണിഫോമിന് മുകളിൽ അതെ നിറത്തിലുള്ള ശിരോവസ്ത്രം ധരിക്കാൻ മുസ്ലിം പെൺകുട്ടികളെ അനുവദിക്കണമെന്നാണ് അഭിഭാഷകൻ സുൽഫിക്കർ അലി പി എസ് മുഖേനെ ഫയൽ ചെയ്തിരിക്കുന്ന ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *