Breaking News

നാമജപയാത്രക്കെതിരായ കേസ്; അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: ഗണപതി മിത്താണെന്ന സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എന്‍.എസ്.എസ് നടത്തിയ നാമജപ ഘോഷയാത്രയ്‌ക്കെതിരായ കേസില്‍ അന്വേഷണത്തിന് സ്റ്റേ. നാല് ആഴ്ചത്തേക്കാണ് കേസിലെ തുടര്‍ നടപടികള്‍ തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്. എന്‍.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കേസിന് ആധാരമായ കാര്യങ്ങളൊന്നും നാമജപഘോഷയാത്രയില്‍ ഉണ്ടായിട്ടില്ലെന്ന് പ്രതികള്‍ കോടതിയില്‍ വാദിച്ചു. സംസ്ഥാന സര്‍ക്കാരും കടുത്ത നടപടി ഉണ്ടാവില്ലെന്ന് ഹൈക്കോടതിയില്‍ അറിയിച്ചു.

കേസിനെതിരെ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരത്ത് പാളയം ഗണപതിക്ഷേത്രം മുതല്‍ പഴവങ്ങാടിവരെ നടത്തിയ യാത്രക്കെതിരെ കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനുമാണ് കേസ്. യാത്രയ്ക്ക് നേതൃത്വം നല്‍കിയ എന്‍.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ ഒന്നാം പ്രതി, ഒപ്പം കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കുമെതിരെയാണ് കേസ്.

നാമജപഘോഷ യാത്രക്കെതിരെ കേസെടുത്തത് എന്‍എസ്എസ് നേതൃത്വത്തെ കൂടുതല്‍ പ്രകോപിപ്പിച്ചിരുന്നു. ഇങ്ങിനെയെങ്കില്‍ മുഴുവന്‍ വിശ്വാസികള്‍ക്കുമെതിരെ കേസെടുക്കേണ്ടി വരുമെന്നായിരുന്നു ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രതികരണം. മിത്ത് വിവാദത്തില്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പരാമര്‍ശം തിരുത്തണമെന്ന ആവശ്യത്തില്‍നിന്നും പിന്നോട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *