
തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ കടുത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ 8 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചു. കോഴിക്കോട് ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഈ ജില്ലകളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.