
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ കോണ്‍ഗ്രസ് നേതൃത്വത്തിന് പുതിയ തലവേദന സൃഷ്ടിച്ചുകൊണ്ട് മുതിര്‍ന്ന നേതാവ് പി.സി.ചാക്കോ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചു. പാര്‍ട്ടിയില്‍ നേരിട്ട അവഗണനയെ തുടര്‍ന്നാണ് രാജിയെന്ന് പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ലോക്‌സഭയിലും നിയമസഭയിലും ഒട്ടേറെ തവണ കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച നേതാവാണ് പി.സി.ചാക്കോ.
പാര്‍ട്ടിയിലെ ഗ്രൂപ്പുകളിക്കെതിരെ കടുത്ത വിമര്‍ശനമാണ് പി.സി.ചാക്കോ ഉന്നയിച്ചത്. ഹൈക്കമാന്‍ഡിനെയും അദ്ദേഹം വിമര്‍ശിച്ചു. ഇതു സംബന്ധിച്ച് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. ചില നിക്ഷിപ്ത താത്പര്യക്കാരുടെ നിലപാടിനനുസരിച്ചാണ് സ്ഥാനാര്‍ഥി നിര്‍ണ്ണയമെന്ന് പി.സി ചാക്കോ ആരോപിച്ചു. 14 പേരുള്ള തിരഞ്ഞെടുപ്പ് കമ്മറ്റി 40 പേരുള്ള തിരഞ്ഞെടുപ്പ് കമ്മറ്റിയാക്കി മാറ്റിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ഗ്രൂപ്പുകളിക്കെതിരെ പി.സി.ചാക്കോ തുറന്നടിച്ചു. ‘പേരുകളെല്ലാം ഉമ്മന്‍ചാണ്ടിയുടെയോ രമേശ് ചെന്നിത്തലയുടെയോ മനസ്സില്‍ മാത്രമാണ്. അതല്ലെങ്കില്‍ അവരോടൊപ്പം നില്‍ക്കുന്ന ഗ്രൂപ്പു നേതാക്കളുടെ കയ്യിലാണ്. ഒറ്റ നിയോജകമണ്ഡലത്തില്‍ പോലും ആരുടെ പേരാണ് നിര്‍ദേശിക്കുന്നതെന്ന് പ്രദേശ് ഇലക്ഷന്‍ കമ്മിറ്റി അറിഞ്ഞിട്ടില്ല. കുറേ പേരുകള്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തന്നിട്ടുണ്ടാവും. അത് മാത്രമാണ് സ്‌ക്രീനിങ് കമ്മറ്റി സ്‌ക്രീന്‍ ചെയ്തത്.’ കോണ്‍ഗ്രസ്സിന്റെ അപചയമാണിത് കാണിക്കുന്നതെന്നും പിസി ചാക്കോ ആരോപിച്ചു.
‘എഐസിസി, ഡിസിസി, കെപിസിസി ബ്ലോക്ക് മണ്ഡലം വരെയുള്ള ഭാരവാഹി നിര്‍ണ്ണയം ഗ്രൂപ്പ് നേതാക്കന്‍മാര്‍ വീതംവെക്കുകയാണ്. ഐക്ക് എട്ട് എയ്ക്ക് 9 എന്ന വീതം വെക്കല്‍ ഏര്‍പ്പാടല്ലാതെ മെറിറ്റ് പരിഗണനയിലില്ല. ജയസാധ്യത പരിഗണിക്കുന്നില്ല. എയുടെ സീറ്റ് എയും ഐയുടെ സീറ്റ് ഐയും തീരുമാനിക്കുന്നു. കേന്ദ്രകമ്മറ്റിയിലെത്തുമ്പോഴും എയ്ക്ക വേണ്ടി എയും ഐയ്ക്ക വേണ്ടി ഐയും പ്രവര്‍ത്തിക്കുകയാണ്’. ഹൈക്കമാന്‍ഡ് പോലും ഈ ഗ്രൂപ്പ് പ്രവണതയെ നിരുത്സാഹപ്പെടുത്തുന്നില്ലെന്നും പിസി ചാക്കോ കുറ്റപ്പെടുത്തി.
‘കോണ്‍ഗ്രസ്സിന് ഒരു ദേശീയ നേതൃത്വമില്ല. ഒരു വര്‍ഷം പ്രസിഡന്റില്ലാതെ തലയില്ലാതെ പോയൊരു ഘട്ടത്തില്‍ അനാരോഗ്യം ഉണ്ടായിട്ടും നിവൃത്തിയില്ലാതെയാണ് സോണിയ പ്രസിഡന്റായത്. കോണ്‍ഗ്രസ്സിനെ ഉന്‍മൂലനം ചെയ്യാനുള്ള ബിജെപി ശ്രമത്തെ കോണ്‍ഗ്രസ്സിന് നേരിടാന്‍ കഴിയാതെപോകുന്നത് കോണ്‍ഗ്രസ്സിന്റെ ദൗര്‍ബല്യം കൊണ്ടാണ്. അല്ലാതെ ബിജെപിയുടെ ശക്തികൊണ്ടല്ല’-അദ്ദേഹം വ്യക്തമാക്കി.