Breaking News

ഗ്രേറ്റ ട്വിറ്ററില്‍ പങ്കുവച്ച ‘ടൂള്‍ കിറ്റ്’: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ഗ്രേറ്റ ട്യുന്‍ബെര്‍ഗ്

ന്യൂഡല്‍ഹി: സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗ് ട്വിറ്ററില്‍ പങ്കുവച്ച ‘ടൂള്‍ കിറ്റി’ന്റെ ഉറവിടം തേടി ഡല്‍ഹി പോലീസ്. കര്‍ഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കുന്ന കുറിപ്പ് ‘ടൂള്‍ കിറ്റ്’ എന്ന വിശഷണത്തോടെയാണ് ഗ്രേറ്റ ട്വിറ്ററില്‍ പങ്കുവച്ചത്. ‘നിങ്ങള്‍ക്ക് സഹായിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഇതാ ഒരു ടൂള്‍കിറ്റ്’ എന്നായിരുന്നു ഗ്രേറ്റയുടെ ട്വീറ്റ്. ഇതിന് പിന്നില്‍ കാനഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ സംഘടനയെന്നാണ് ഡല്‍ഹി പൊലീസ് സംശയിക്കുന്നത്.
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി അക്രമാസക്തമായതോടെ കര്‍ഷക സമരത്തില്‍ ഗൂഢാലോചന ആരോപിക്കപ്പെട്ടിരുന്നു. ഗ്രേറ്റയുടെ ടൂള്‍ കിറ്റ് പ്രയോഗത്തോടെ ഗൂഢാലോചനാവാദം കൂടുതല്‍ ശക്തിപ്പെടുകയാണെന്നും വിലയിരുത്തപ്പെടുന്നു. കര്‍ഷക സമരത്തെ പിന്തുണയ്ക്കാനായി ട്വീറ്റില്‍ തരംഗമുണ്ടാക്കുക, ഇന്ത്യന്‍ എംബസികള്‍ക്കു പുറത്തു പ്രതിഷേധിക്കുക എന്നിവയുള്‍പ്പെടെ വിവിധ കാര്യങ്ങളാണ് ടൂള്‍കിറ്റില്‍ രേഖപ്പെടുത്തിയിരുന്നത്. ഗൂഢാലോചന ആരോപിക്കപ്പെട്ടതോടെ ഗ്രേറ്റ തന്റെ ട്വീറ്റ് പിന്‍വലിച്ച് ചില മാറ്റങ്ങള്‍ വരുത്തി വീണ്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്.
കര്‍ഷക സമരത്തിനു പോപ് താരം റിയാനയും ഗ്രേറ്റയും മറ്റു സെലിബ്രിറ്റികളും പിന്തുണ പ്രഖ്യാപിച്ചതു വലിയ ചര്‍ച്ചയായതോടെ സംഭവത്തില്‍ വിദേശ ഗൂഢാലോചന സംശയിച്ചു ബിജെപി രംഗത്തെത്തിയത്. അതേസമയം, ഗ്രേറ്റയുടെ ഫെയ്‌സ് ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ആദര്‍ശ് പ്രതാപും വിഷയത്തില്‍ പ്രസ്താവനയുമായി രംഗത്തുവന്നിട്ടുണ്ട്. കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ച് ഗ്രേറ്റ ട്യുന്‍ബെര്‍ഗിന് വിവരം നല്‍കുന്നതെന്ന് തെറ്റിദ്ധരിച്ചു സൈബര്‍ ആക്രമണം നടക്കുന്നതായി ആദര്‍ശ് പ്രതാപ് പറയുന്നു. ഗ്രേറ്റയെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂവെന്നും അവരുടെ ഫെയ്‌സ് ബുക്ക് പേജിന്റെ ഉള്ളടക്കം പൂര്‍ണ്ണമായും ഗ്രേറ്റയുടേതാണെന്നും അദ്ദേഹം പറയുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *