

തിരുവനന്തപുരം: നടന്‍ സിദ്ദിക്കിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സിദ്ദിക്ക് നിയമത്തെ വെല്ലുവിളിക്കുന്നുവെന്നും ഉന്നതരുടെ തണലില്‍ ഒളിവിലാണെന്നുമാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. വിശദമായ വിവരങ്ങള്‍ സിദ്ദിക്കിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കോടതിയെ ബോധ്യപ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നാളെയാണ് സിദ്ദിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. ഇതുവരെയും സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനാകാത്തതില്‍ ആക്ഷേപമുയരുന്നതിനിടെയാണ് പുതിയ നീക്കം.




സമൂഹത്തില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന സിദ്ദിഖിനെ പോലെയുള്ള ഉന്നതര്‍ നിയമത്തെ വെല്ലുവിളിക്കുന്നുവെന്നും ജാമ്യം തള്ളണമെന്നുമാണ് സര്‍ക്കാരിന്റെ വാദം. കൊച്ചിയില്‍ ഉന്നതരുടെ സംരക്ഷണയിലാണ് സിദ്ദിഖ് ഉള്ളതെന്നതിന്റെ തെളിവു ലഭിച്ചെന്നും കോടതിയെ അറിയിക്കുമെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ലുക്ക് ഔട്ട് നോട്ടിസും മറ്റു സംസ്ഥാനങ്ങളില്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയതുള്‍പ്പെടെ വിവരങ്ങള്‍ ധരിപ്പിക്കും. എസ്.പി മെറിന്‍ ജോസഫും സംഘവുമാണ് പ്രത്യേക അന്വേഷണസംഘത്തിന് വേണ്ടി ന്യൂഡല്‍ഹിക്ക് പോകുന്നത്.



