Breaking News

ഗോവിന്ദച്ചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി; കാത്തിരിക്കുന്നത് ഏകാന്തവാസം

തൃശൂര്‍: ഇന്നലെ പുലര്‍ച്ചെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജയില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ച ഗോവിന്ദച്ചാമിയെ വിയ്യൂര്‍ സെന്‍്ട്രല്‍ ജയിലിലേക്ക് മാറ്റി. കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റിയത്. കൊടും കുറ്റവാളികളെ പാര്‍പ്പിച്ചിരിക്കുന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗോവിന്ദച്ചാമിയെ കാത്തിരിക്കുന്നത് ഏകാന്ത തടവാണ്. 523 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമേ ഇവിടെ ഉള്ളൂവെങ്കിലും എഴുന്നൂറിനടത്ത് തടവുകാര്‍ ഇവിടെയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതില്‍ നൂറ്റി ഇരുപത്തിയഞ്ചോളം കൊടും കുറ്റവാളികള്‍ ഇക്കൂട്ടത്തില്‍ ഉണ്ട്.

ഇവിടെ തടവില്‍ കഴിയുന്നവര്‍ക്ക് പരസ്പരം കാണാനോ സാധിക്കില്ല. ഭക്ഷണം കഴിക്കാന്‍പോലും തടവുകാരെ പുറത്തിറക്കില്ല. കോടതി നടപടികള്‍ക്കുപോലും തടവുകാരെ പുറത്തിറക്കാതിരിക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വിചാരണ നടത്താനുള്ള സംവിധാനം ഇവിടെയുണ്ട്. റഫറല്‍ ആശുപത്രിയിലേക്ക് നേരിട്ട് കൊണ്ടുപോകാതെ ടെലി മെഡിസിന്‍ സംവിധാനത്തിലൂടെ തടവുകാര്‍ക്ക് ചികിത്സ ലഭ്യമാക്കാനും സാധിക്കും. അഗ്നിരക്ഷാ സംവിധാനവും സി.സി.ടി.വി ക്യാമറയും സെല്ലുകളില്‍ ഉണ്ട്. 250 ലധികം സി.സി.ടി.വി ക്യാമറകളാണിവിടെ ഘടിപ്പിച്ചിട്ടുള്ളത്. 15 മീറ്റര്‍ ഉയരമുള്ള നാല് വാച്ച് ടവറുകളില്‍ നൈറ്റ് വിഷന്‍ ബൈനാക്കുലര്‍, ഹൈ ബീം സെര്‍ച്ച് ലൈറ്റ് എന്നീ സംവിധാനങ്ങളും ആയുധധാരികളായ ഗാര്‍ഡുകളും ഉണ്ട്.

അതേസമയം, അതീവസുരക്ഷാ സംവിധാനമുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ഗോവിന്ദച്ചാമി എങ്ങനെ ജയില്‍ചാടി പുറത്തെത്തിയെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ വൈദ്യുത വേലിയുടെയും സി.സി.ടി.വി ക്യാമറകളുടെയും പ്രവര്‍ത്തനം കാര്യക്ഷമമാണോയെന്ന കാര്യവും പരിശോധിക്കേണ്ടതുണ്ട്. ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ ജയിലില്‍ സംഭവിച്ചത് അടിമുടി ഗുരുതര വീഴ്ചയാണെന്ന് വ്യക്തമായിട്ടുണ്ട്. വെള്ളിയാഴ്ച രാവിലത്തെ പരിശോധനയില്‍ തടവുകാരെല്ലാം അഴിക്കുള്ളില്‍ ഉണ്ടെന്നാണ് ഗാര്‍ഡ് ഓഫീസര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട്. ആരോ ഒരാള്‍ ജയില്‍ ചാടി എന്നറിഞ്ഞത് മതിലിലെ തുണി കണ്ടശേഷമാത്രമാണെന്നതാണ് ഞെട്ടിക്കുന്ന കാര്യം. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് ചാടിയതെന്ന് അറിഞ്ഞത്. ഗാര്‍ഡ് ഓഫീസര്‍ക്ക് ലഭിച്ച ആദ്യ റിപ്പോര്‍ട്ട് കൃത്യമായ പരിശോധനയില്ലാതെയാണെന്നും ഇതിലൂടെ വ്യക്തമായിട്ടുണ്ട്. സുരക്ഷ വീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തില്‍ നാല് ഉദ്യോഗസ്ഥരെ ജയില്‍ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *