
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ആക്രമണം നടത്തിയ കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. മംഗലപുരം, വെയിലൂര്‍ ആലുവിളയില്‍ കരിംഭായി എന്ന വിഷ്ണു(29), ചെമ്പകമംഗലം അരുണ്‍ നിവാസില്‍ ഊച്ചാളി ജിത്തു എന്ന അരുണ്‍(30), തോന്നയ്ക്കല്‍ തച്ചംപള്ളി അനീഷ് ഭവനില്‍ സ്‌കോര്‍പിയോ അനീഷ് എന്ന അനീഷ്(30) എന്നിവരാണ് അറസ്റ്റിലായത്. നാലംഗ ഗുണ്ടാസംഘമാണ് താലൂക്ക് ആശുപത്രിയില്‍ ആക്രമണം അഴിച്ചുവിട്ടത്. ഇന്നലെ രാത്രി പത്തര മണിയോടെയായിരുന്നു സംഭവം.

മംഗലപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന അക്രമസംഭവത്തിന് ശേഷം ഗുണ്ടാസംഘം രക്ഷപ്പെടുന്നതിനിടയില്‍ സംഘത്തിലെ ഒരാള്‍ക്ക് കാലിന് പരിക്കേറ്റിരുന്നു. ഇയാളുടെ ചികിത്സയ്ക്കായാണ് ഗുണ്ടാസംഘം രാത്രി പത്തര മണിയോടെ ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ഗുണ്ടാസംഘം ആശുപത്രി ജീവനക്കാരോട് കയര്‍ത്ത് സംസാരിക്കുകയും ഡ്യൂട്ടി ഡോക്ടറെ ആക്രമിക്കുകയും ആശുപത്രി ഉപകരണങ്ങള്‍ അടിച്ച് നശിപ്പിക്കുകയും ചെയ്തു.

വിവരമറിഞ്ഞ് ആറ്റിങ്ങല്‍ പോലീസ് സംഭവ സ്ഥലത്തെത്തിയതോടെ ഗുണ്ടാസംഘം രക്ഷപെടാന്‍ ശ്രമം നടത്തിയെങ്കിലും സാഹസികമായ നീക്കത്തിലൂടെ പോലീസ് പ്രതികളെ കീഴ്‌പ്പെടുത്തുകയായിരുന്നു. നാല് പ്രതികളില്‍ മൂന്നുപേരെ പോലീസ് പിടികൂടിയെങ്കിലും ഒരാള്‍ ഓടി രക്ഷപെട്ടു. പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതിനിടെ ഗുണ്ടാസംഘം പോലീസിനെതിരെയും ആക്രമണം അഴിച്ചുവിട്ടു. ആക്രമണത്തില്‍ എ.എസ്.ഐ ജിഹാനില്‍ ഹക്കീമിന് പരിക്കേറ്റു. പ്രതികള്‍ സഞ്ചരിച്ച വാഹനത്തില്‍നിന്ന് വെട്ടുകത്തി, വടിവാള്‍ തുടങ്ങിയ മാരകായുധങ്ങളും പോലീസ് കണ്ടെടുത്തു.

നിലവില്‍ രണ്ട് കേസുകളിലായാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിഷ്ണുവിനെ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലും, മറ്റു രണ്ട് പ്രതികളായ അരുണ്‍, അനീഷ് എന്നിവരെ ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജീവനക്കാരെയും, ഡ്യൂട്ടി ഡോക്ടറെയും ആക്രമിക്കാന്‍ ശ്രമിച്ചതിലും, ആശുപത്രി ഉപകരണങ്ങള്‍ അടിച്ചു നശിപ്പിച്ച് 2 ലക്ഷം രൂപയുടെ നാശ നഷ്ടം വരുത്തിയത്തിലുമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ, വൈദ്യപരിശോധനയ്ക്ക് ശേഷം ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
