Breaking News

ഗുണ്ടാ നേതാവ് ഓട്ടോ ജയനെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു

ഓട്ടോ ജയന്‍

വര്‍ക്കല: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓട്ടോ ജയനെ പോലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല പോലീസ് സ്‌റ്റേഷനില്‍ ഉള്‍പ്പെടെ കേരളത്തിലങ്ങോളമിങ്ങോളം നൂറോളം കേസുകളില്‍ പ്രതിയാണ് ഓട്ടോ ജയന്‍ എന്നറിയപ്പെടുന്ന ജയന്‍. റൂറല്‍ എസ്.പിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം വര്‍ക്കല പോലീസും തിരുവനന്തപുരം പോലീസ് ഷാഡോ ടീമും ചേര്‍ന്ന് ഇന്ന് രാവിലെ പത്തരയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കൊലക്കേസ് ഉള്‍പ്പെടെ ഇയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചിറയിന്‍കീഴ് പണ്ടകശ്ശാലയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. വെണ്ണിയോട് സ്വദേശിയായ ശങ്കര്‍ എന്ന വ്യക്തിയെ തട്ടിക്കൊണ്ടുപോയി നാലര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ഇയാള്‍. ഓട്ടോ ജയന്റെ നേതൃത്വത്തിലുള്ള ഒന്‍പതുപേരടങ്ങുന്ന സംഘമാണ് ഈ കേസിലെ പ്രതികള്‍. ബാക്കി പ്രതികള്‍ ഒളിവിലാണെന്നും ഉടന്‍ തന്നെ അവരെയും പിടികൂടുമെന്നും വര്‍ക്കല പോലീസ് പറഞ്ഞു.
ശങ്കറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം ഉര്‍ജ്ജിതപ്പെടുത്തി പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി തിരുവനന്തപുരം റൂറല്‍ എസ്.പിയായ പി.കെ.മധു ഐ.പി.എസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തിരുവനന്തപരം ജില്ലയില്‍തന്നെ ആറ്റിങ്ങല്‍, കിളിമാനൂര്‍, വര്‍ക്കല, ചിറയിന്‍കീഴ് തുടങ്ങിയ സ്റ്റേഷനുകളില്‍ മോഷണം, കവര്‍ച്ച ഉള്‍പ്പെടെയുള്ള നിരവധി കേസുകളിലെ പ്രതിയാണ് ഓട്ടോ ജയന്‍.
തിരുവനന്തപുരം റൂറല്‍ എസ്.പി പി.കെ മധുവിന്റെ നേതൃത്വത്തില്‍ വര്‍ക്കല ഐ.എസ്.എച്ച്.ഒ ദ്വിജേഷ്, എസ്.ഐമാരായ ജ്യോതിഷ്, മനീഷ്, ബിജു ഹക്ക്, സി.പി.ഒമാരായ സുരാജ്, അനൂപ്, ഷിജു, സുനില്‍ രാജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *