

ചന്തവിള കിന്‍ഫ്രാ പാര്‍ക്കിനു സമീപത്തുണ്ടായ അപകടത്തില്‍ മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥി നിധിന്‍ ഹരിക്ക് ഗോകുലം മെഡിക്കല്‍ കോളേജിലെ സഹപാഠികള്‍ യാത്രാമൊഴി നല്‍കി. ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം കോളേജ് ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചു. കോളേജിലെ ഷട്ടില്‍ ടീം അംഗമായ നിധിന്‍ നാട്ടിലെ ക്ലബ്ബുകളിലും താരമായിരുന്നു. സുഹൃത്തിനൊപ്പം വീട്ടിലേക്കു പോകാനായി ബൈക്കില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുംവഴിയാണ് ഞായറാഴ്ച പുലര്‍ച്ചെ അപകടത്തില്‍ മരിച്ചത്. കോളേജിലെ സൗമ്യമുഖമായ നിധിന്‍ പഠനത്തിലും മിടുക്കനായിരുന്നതായി സഹപാഠികള്‍ ഓര്‍മ്മ പങ്കിട്ടു. മെഡിക്കല്‍ കോളേജ് എം.ഡി. ഡോ. കെ.കെ.മനോജന്‍ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു. മൂന്നു മണിക്ക് നിധിന്‍ കലാലയത്തില്‍നിന്നു വിടപറയുമ്പോള്‍ കുട്ടികള്‍ സങ്കടമൊതുക്കാനാകാതെ പൊട്ടിക്കരഞ്ഞു. തുടര്‍ന്ന് മൃതദേഹം ജന്മനാടായ കോതമംഗലത്തേക്കു കൊണ്ടുപോയി.