
കോട്ടയം: ദീർഘദൂര മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ ജനറൽ കോച്ച് റെയിൽവേ പുനഃസ്ഥാപിക്കുന്നു. സെക്കൻഡ് ക്ലാസ് കോച്ചുകളിൽ ബുക്ക് ചെയ്യാതെ തന്നെ ഇനി യാത്ര ചെയ്യാൻ സാധിക്കും. സ്പെഷൽ ട്രെയിനുകൾക്ക് അടക്കം തീരുമാനം ബാധകമാണെന്നു റെയിൽവേ ബോർഡ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. സെക്കൻഡ് ക്ലാസ് കോച്ചുകളിൽ റിസർവേഷൻ കാലാവധി തീരുന്ന മുറയ്ക്ക് അൺറിസർവ്ഡ് കോച്ച് ആക്കാം എന്നാണ് ഉത്തരവ്. ബുക്കിങ് കാലാവധി നോക്കി ട്രെയിനുകളിൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കാൻ സോണൽ ആസ്ഥാനത്ത് സാധിക്കും.
കോവിഡിനെത്തുടർന്ന് ട്രെയിൻ സർവീസ് രാജ്യവ്യാപകമായി നിർത്തിവച്ച ശേഷം പുനരാരംഭിച്ചെങ്കിലും റിസർവേഷൻ ഇല്ലാത്ത കോച്ചുകൾ അനുവദിച്ചിരുന്നില്ല. സെക്കൻഡ് ക്ലാസ് കോച്ചുകളിൽ അടക്കം ബുക്ക് ചെയ്താണ് യാത്ര അനുവദിച്ചിരുന്നത്. ഘട്ടംഘട്ടമായി ചില ട്രെയിനുകളിൽ റിസർവേഷൻ ഇല്ലാത്ത കോച്ചുകൾ അനുവദിച്ചിരുന്നു. എന്നാൽ രാത്രിയിൽ ട്രെയിനുകളിൽ ബുക്ക് ചെയ്യാതെ യാത്ര സാധിച്ചിരുന്നില്ല. ഇതു യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു.