

തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ ഗൂഢാലോചന ആരോപിച്ച് മുന്‍ മന്ത്രിയും തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയുമായിരുന്ന വി.എസ്.സുനില്‍കുമാര്‍. പൂരം നടത്തിപ്പില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവിനെ കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും വി.എസ്.സുനില്‍കുമാര്‍ വ്യക്തമാക്കി. പൂരം അലങ്കോലപ്പെടുത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കള്‍ ശ്രമിച്ചുവെന്ന പരോക്ഷ ആരോപണവും അദ്ദേഹം ഉന്നയിക്കുന്നു.




അതേസമയം, അന്ന് തൃശൂരില്‍ ക്യാമ്പ് ചെയ്തിരുന്ന എ.ഡി.ജി.പി എം.ആര്‍.അജിത് കുമാറിന് ഇതില്‍ പങ്കുണ്ടോയെന്നു തനിക്ക് അറിയില്ലെന്ന് വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. പകല്‍പ്പൂരത്തെ കുറിച്ച് ആര്‍ക്കും പരാതി ഉണ്ടായിരുന്നില്ല. എന്നാല്‍ രാത്രി സംഭവിച്ച കാര്യങ്ങള്‍ നാടകീയമാണ്. പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ എല്‍.ഡി.എഫാണെന്ന് വരുത്തിതീര്‍ക്കാന്‍ ബി.ജെ.പി-ആര്‍.എസ്.എസ് ശ്രമം നടത്തി. അതിന്റെ ദോഷഫലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എനിക്കാണ് ബാധിച്ചത്. താനടക്കം പ്രതിക്കൂട്ടിലായി. ആരാണ് മേളം നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്? വെടിക്കെട്ട് വേണ്ടെന്ന് ആരാണ് തീരുമാനിച്ചത്? ഇതിന്റെയൊക്കെ പിന്നില്‍ പിന്നില്‍ ആര്‍.എസ്.എസ്-പൊലീസ് ഗൂഢാലോചനയുണ്ടോയെന്ന് എനിക്ക് അറിയില്ല, അത് പുറത്തുവിടേണ്ടത് സര്‍ക്കാരാണ്-അദ്ദേഹം വിശദീകരിച്ചു.



