

തിരുവനന്തപുരം: പ്രശസ്ത സംവിധായകനും ഛായഗ്രാഹനുമായ സംഗീത് ശിവന് അന്തരിച്ചു. മുംബൈയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 1990 ല്‍ ഇറങ്ങിയ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് സംഗീത് ശിവന് സംവിധാന രംഗത്തേക്ക് കടന്നുവന്നത്. രഘുവരന്, സുകുമാരന്‍ എന്നിവരായിരുന്നു ഈ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. തുടര്‍ന്ന് മോഹന്‍ലാലിനെ നായകനാക്കി യോദ്ധ എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രത്തിലൂടെയാണ് എ.ആര്.റഹ്മാന് എന്ന സംഗീത സംവിധായകനെ സംഗീത് ശിവന് മലയാളത്തിലെത്തിച്ചത്. ഡാഡി, ഗാന്ധര്‍വ്വം, നിര്‍ണ്ണയം തുടങ്ങി ആറോളം ചിത്രങ്ങള്‍ സംഗീത് ശിവന് മലയാളത്തില്‍ സംവിധാനം ചെയ്തു. ഇഡിയറ്റ്സ് എന്നൊരു ചിത്രം നിര്‍മ്മിക്കുകയും ചെയ്തു.




ബോളിവുഡിലും സംവിധാകന്റെ റോളില്‍ തിളങ്ങിയ സംഗീത് ശിവന് സോര്‍ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. സണ്ണി ഡിയോളായിരുന്നു നായകന്. ബോളിവുഡില്‍ എട്ടോളം ചിത്രങ്ങള്‍ സംഗീത് ശിവന് ഒരുക്കിയിട്ടുണ്ട്. ചലച്ചിത്ര രംഗത്ത് എത്തിയ സംഗീത് ശിവന് ആദ്യകാലത്ത് പ്രധാനമായും ഡോക്യുമെന്ററികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. യുണിസെഫിനായും ഫിലിം ഡിവിഷനായും ഒട്ടേറെ ഡോക്യുമെന്ററികള്‍ ചെയ്തു. തുടര്‍ന്ന് പ്രശസ്ത ഛായഗ്രാഹകനായി മാറിയ സഹോദരന് സന്തോഷ് ശിവന്റെ പ്രേരണയിലാണ് ഫീച്ചര്‍ ഫിലിം രംഗത്തേക്ക് സംവിധായകനായി സംഗീത് എത്തുന്നത്. ഭാര്യ-ജയശ്രീ. മക്കള്‍-സജന, ശന്താനു.



