Breaking News

സംസ്ഥാനത്ത് നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞു; ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബി.എസ്.സി നഴ്‌സിംഗ് ഒന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതിയ ആയിരത്തോളം വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചതോടെ വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയില്‍. 24 നഴ്‌സിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലമാണ് തടഞ്ഞുവച്ചത്. ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരം ലഭിക്കുന്നതിന് മുമ്പ് കോഴ്‌സ് തുടങ്ങിയതാണ് പരീക്ഷാഫലം തടഞ്ഞുവയ്ക്കാന്‍ കാരണമായത്. ഇതോടെ, കഴിഞ്ഞ വര്‍ഷം ആരംഭിച്ച പത്തനംതിട്ട, വയനാട്, ഇടുക്കി ജില്ലകളിലെ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളിലും സര്‍ക്കാര്‍ നിയന്ത്രിത സി.മെറ്റ് കോളേജുകളും ഉള്‍പ്പെടെ 17 നഴ്‌സിംഗ് കോളേജുകളിലും കൂടുതല്‍ സീറ്റുകള്‍ അനുവദിച്ച 7 കോളേജുകളിലും പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

പുതിയ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിക്കാന്‍ സര്‍ക്കാരും സംസ്ഥാന നഴ്‌സിംഗ് കൗണ്‍സിലും ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലും അംഗീകാരം നല്‍കണമെന്നതാണ് നിലവിലെ വ്യവസ്ഥ. എന്നാല്‍, ഈ വ്യവസ്ഥ ലംഘിച്ച് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ അനുമതി ലഭിക്കും മുമ്പ് ആരോഗ്യ സര്‍വകലാശാല വിദ്യാര്‍ത്ഥി പ്രവേശനത്തിന് താത്കാലിക അനുമതി നല്‍കി. ഇതാണ് ഇപ്പോള്‍ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും സംസ്ഥാന-ദേശീയ നഴ്‌സിങ് കൗണ്‍സിലുകള്‍ക്കും നിവേദനം നല്‍കി കാത്തിരിക്കുകയാണ് നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *