
വര്‍ക്കല: നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വിധിയെഴുത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിയാവുമ്പോള്‍ വര്‍ക്കലയില്‍ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം പൂര്‍ത്തിയായി. രാവിലെ എട്ട് മണിക്ക് ആരംഭിച്ച തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഉച്ചയ്ക്ക് 2 മണിയോടെയാണ് പൂര്‍ത്തിയായത്. എട്ട് മണിക്ക് തെരഞ്ഞെടുപ്പ് മറ്റുള്ള സാമഗ്രികള്‍ വിതരണം ചെയ്ത് തുടങ്ങിയെങ്കിലും വോട്ടിംഗ് മെഷിന് വിതരണം 9 മണിയോടെയാണ് ആരംഭിച്ചത്. വര്‍ക്കല എസ്.എന്‍ കോളേജിലായിരുന്നു തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രം.

വെട്ടൂര്‍ പഞ്ചായത്ത് 193-ാം നമ്പര്‍ ബൂത്തിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് ആദ്യം വോട്ടിംഗ് മെഷീന് ഏറ്റുവാങ്ങിയത്. ഓരോ ബൂത്തിലേയും പ്രിസൈഡിംഗ് ഓഫീസര്‍, നാല് പോളിംഗ് ഓഫീസര്‍മാര്‍ എന്നിവരെത്തി അതാത് ബൂത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പ് സാമഗ്രികള്‍ ഏറ്റുവാങ്ങി. 275 ബൂത്തുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഉച്ചയ്ക്ക് 2 മണിയോടെ പൂര്‍ത്തിയാക്കിയതായി റിട്ടേണിംഗ് ഓഫീസര്‍ ബി.രാധാകൃഷ്ണന് ബീക്കണ്‍ ന്യൂസിനോട് പറഞ്ഞു.

വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയുള്ള എ.എസ്.ഡി(ആബ്സന്റ്, ഷിഫ്റ്റ്, ഡെത്ത്) ലിസ്റ്റ് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ബി.രാധാകൃഷ്ണന് വ്യക്തമാക്കി. ഇരട്ട വോട്ട് രേഖപ്പെടുത്തുന്നത് കുറ്റകരമാണെന്നും അതിന് ലഭിക്കാവുന്ന ശിക്ഷയെകുറിച്ചുമുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയ പോസ്റ്ററുകളും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. ഈ പോസ്റ്ററുകള്‍ ബൂത്തിന് പുറത്ത് വോട്ടര്‍മാര്‍ക്ക് കാണാവുന്ന രീതിയില്‍ ഒട്ടിക്കുമെന്നും അദ്ദേഹം വിശദമാക്കി.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ അതാത് ബൂത്തുകളില്‍ തന്നെ തയാറാക്കിയിട്ടുണ്ടെന്ന് ബി.രാധാകൃഷ്ണന് വ്യക്തമാക്കി. ടോയ്ലറ്റ് സൗകര്യം ഇല്ലാത്ത ബൂത്തുകളില്‍ ബയോ ടോയ്ലറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനായുള്ള നടപടികള്‍ ആഴ്ചകള്‍ക്ക് മുമ്പേ തുടങ്ങിയതായും പി.ഡബ്ല്യു.ഡി, നിര്‍മ്മിതി കേന്ദ്ര, ശുചിത്വ മിഷന് തുടങ്ങിയ സംവിധാനങ്ങളുടെ സഹകരണം ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെയായിരിക്കും വോട്ടിംഗ് സമയം. വോട്ടെടുപ്പിന് ശേഷം പ്രിസൈഡിംഗ് ഓഫീസറില്‍നിന്ന് വോട്ട് രേഖപ്പെടുത്തിയ വോട്ടിംഗ് മെഷീന് വര്‍ക്കല എസ്.എന്‍.കോളേജിലായിരിക്കും സ്വീകരിക്കുക. അവിടെനിന്ന് വോട്ടിംഗ് മെഷീനുകള്‍ ആംഡ് പോലീസ് ബന്തവസ്സോടെ കവചിത വാഹനത്തില്‍ മാര്‍ ഇവാനിയോസ് കോംപ്ലക്സിലേക്ക് കൊണ്ടുപോകും-ബി.രാധാകൃഷ്ണന് വിശദീകരിച്ചു.