
തിരുവനന്തപുരം: ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഓരോ നിയോജക മണ്ഡലത്തിലും പോളിങ് ബൂത്തുകളുടെ സൗകര്യങ്ങളും തപാല്‍ വോട്ട് വിതരണത്തിന്റെ ക്രമീകരണങ്ങളും ഉറപ്പാക്കാന്‍ ജില്ലയിലെ റിട്ടേണിങ് ഓഫിസര്‍മാര്‍ക്കു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ നിര്‍ദേശം നല്കി.
ഓക്സിലിയറി ബൂത്തുകളടക്കം 4,164 പോളിങ് ബൂത്തുകളാണ് ഈ തെരഞ്ഞെടുപ്പിനു ജില്ലയിലുള്ളത്. ഇവിടങ്ങളിലെല്ലാം വോട്ടെടുപ്പിനുള്ള പൂര്‍ണ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ റിട്ടേണിങ് ഓഫിസര്‍മാര്‍ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നു കളക്ടര്‍ പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കായുള്ള റാമ്പുകള്‍ ഇല്ലാത്ത ബൂത്തുകളില്‍ അടിയന്തരമായി അവ സജ്ജമാക്കാന്‍ നിര്‍മിതി കേന്ദ്രത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ കെ.എസ്.ഇ.ബിക്കും പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജലവിതരണ സംവിധാനത്തിനു വാട്ടര്‍ അതോറിറ്റി പ്രത്യേക പദ്ധതി തയാറാക്കുന്നുണ്ട്. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഓക്സിലിയറി ബൂത്തുകളില്‍ ബയോ ടോയ്ലറ്റ് അടക്കമുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കും. അതതു മണ്ഡലങ്ങളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്നു റിട്ടേണിങ് ഓഫിസര്‍മാര്‍ ഉറപ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷന് തപാല്‍ വോട്ട് അനുവദിച്ചിരിക്കുന്ന 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് പോസിറ്റിവായും ക്വാറന്റൈനിലും കഴിയുന്നവര്‍, അവശ്യ സര്‍വീസ് ജീവനക്കാര്‍ എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷ സ്വീകരിക്കുന്നതും ബാലറ്റ് പേപ്പറുകള്‍ നല്‍കുന്നതുമടക്കമുള്ള ക്രമീകരണങ്ങള്‍ സമയബന്ധിതമായി എല്ലാ മണ്ഡലങ്ങളിലും പൂര്‍ത്തിയാക്കണം.
തെരഞ്ഞെടുപ്പു സംബന്ധിച്ചു പൊതുജനങ്ങള്‍ക്കു ബോധവത്കരണം നടത്തുന്ന സ്വീപ്പ് പ്രവര്‍ത്തനങ്ങള്‍ റിട്ടേണിങ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ഓരോ മണ്ഡലങ്ങളിലും പരമാവധി കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലേയും റിട്ടേണിങ് ഓഫിസര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.