

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ഉള്‍പ്പെട്ട മാസപ്പടിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്ത് അന്വേഷണം തുടങ്ങി. കൊച്ചി ആസ്ഥാനമായ കരിമണല്‍ കമ്പനി സി.എം.ആര്‍.എല്ലും മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക്കും നടത്തിയ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. ചെയ്യാത്ത സേവനത്തിന് വീണയുടെ കമ്പനി പണം വാങ്ങിയത് കളളപ്പണം വെളുപ്പിക്കലിന്റെ പരിധിയില്‍ വരുമെന്നാണ് ഇ.ഡി കണക്കുകൂട്ടുന്നത്. വീണയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫൊര്‍മേഷന്‍ റിപ്പോര്‍ട് (ഇ.സി.ഐ.ആര്‍) രജിസ്റ്റര്‍ ചെയ്തു.
ഇ.ഡി കൊച്ചി ഓഫീസാണ് കേസ് അന്വേഷിക്കുന്നത്. ഇതേ കേസില്‍ കേന്ദ്ര സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും അന്വേഷണം തുടരുന്നതിനിടെയാണ് ഇ.ഡിയും കേസില്‍ ഇടപെടുന്നത്. വീണ വീജയന്‍, എക്‌സാലോജിക് കമ്പനി, സി.എം.ആര്‍.എല്‍, പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി എന്നിവരാണ് നിലവില്‍ ഇ.ഡിയുടെ അന്വേഷണ പരിധിയില്‍ ഉളളത്. സി.എം.ആര്‍.എല്ലുമായുളള സാമ്പത്തിക ഇടപാടിന് പുറമേ വീണ വിജയന്റെ സ്ഥാപനം നടത്തിയ മറ്റ് സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയില്‍ വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.


അതേസമയം, ഇ.ഡി നടപടിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ രംഗത്തുവന്നു. ഇ.ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ അഴിമതി നടത്താനും രാഷ്ട്രീയ പകപോക്കലിനും ഉപയോഗിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് എം.വി.ഗോവിന്ദന്‍ ആരോപിച്ചു. ഇ.ഡി കൂലിപ്പണിക്കാരാണെന്നും ബി.ജെ.പി ഇ.ഡിയെ ഉപയോഗിച്ച് ഗുണ്ടാപ്പിരിവ് നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെയും എം.വി.ഗോവിന്ദന്‍ രൂക്ഷമായി വിമര്‍ശിച്ചു. വി.ഡി.സതീഷനെ സമാധാനിപ്പിക്കാനാണ് ഇ.ഡി മാസപ്പടി കേസില്‍ അന്വേഷണം ആരംഭിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


എന്നാല്‍, ഇ.ഡി അന്വേഷണം ആരംഭിച്ച വിഷയത്തില്‍ കരുതലോടെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. ദേശീയതലത്തില്‍ ഇ.ഡി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ക്കെതിരെ കേസെടുക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിക്കുന്ന കോണ്‍ഗ്രസിന് സി.പി.എമ്മിനെതിരായ ഇ.ഡി അന്വേഷണം തലവേദനയാകും. കേരളത്തില്‍ ഇ.ഡി നടത്തുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാട് സ്വീകരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സാധിക്കില്ല. അങ്ങനെയെങ്കില്‍ കേരളത്തിലെ ഇ.ഡി അന്വേഷണം ന്യായവും കേരളത്തിന് പുറത്തുള്ള അന്വേഷണങ്ങള്‍ അന്യായവും ആണോയെന്ന ചോദ്യത്തിനും കോണ്‍ഗ്രസ് ഉത്തരം പറയേണ്ടിവരും. അതുകൊണ്ടുതന്നെ മാസപ്പടി കേസിലെ ഇ.ഡി അന്വേഷണത്തില്‍ അമിതാവേശം കാട്ടേണ്ടയെന്നാണ് കോണ്‍ഗ്രസ് നിലപാട്.
