Breaking News

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: ഇ.ഡി അന്വേഷണം സി.പി.എം നേതാവ് പി.കെ.ബിജുവിലേക്കും

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന്റെ അന്വേഷണം നേതാവും മുന്‍ എം.പിയുമായ പി.കെ.ബിജുവിലേക്കും നീളുന്നു. കേസിലെ മുഖ്യപ്രതി സതീഷ്‌കുമാറും പി.കെ.ബിജുവും തമ്മില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോയെന്നതില്‍ ഇതിനോടകം ഇ.ഡി അന്വേഷണം തുടങ്ങിക്കഴിഞ്ഞു. കേസില്‍ ഇ.ഡിയുടെ കസ്റ്റഡില്‍ ഉള്ള സതീഷ്‌കുമാറിന് ബിജുവുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ മുന്‍ എം.എല്‍.എ അനില്‍ അക്കര ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം ബിജു നിഷേധിച്ചു.

കഴിഞ്ഞ ദിവസം സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ എ.സി.മൊയ്തീനെ ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇ.ഡി ഉദ്യോഗസ്ഥരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയെന്ന് എ.സി.മൊയ്തീനും പ്രതികരിച്ചിരുന്നു. എന്നാല്‍, മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാനുള്ള സാധ്യതയും നിലവിലുണ്ട്. മൊയ്തീനില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ പരിശോധിച്ച ശേഷമാകും ഇക്കാര്യത്തില്‍ ഇ.ഡി. തീരുമാനമെടുക്കുക. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഇനിയും ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും മൊയ്തീന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ബെനാമികള്‍ വ്യാജ രേഖകള്‍ ഹാജരാക്കി വായ്പ നേടിയത് എ.സി മൊയ്തീന്‍ എംഎല്‍എയുടെ ശുപാര്‍ശ പ്രകാരമാണെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തല്‍. വായ്പാ തട്ടിപ്പിന്റെ ആസൂത്രകന്‍ സതീഷ് കുമാര്‍, എ.സി.മൊയ്തീന്റെ ബെനാമിയാണോയെന്നാണ് ഇ.ഡി പരിശോധിക്കുന്നത്. കേസില്‍ അന്വേഷണം നേരിടുന്ന ബാങ്ക് മുന്‍ മാനേജര്‍ ബിജു കരീമിന്റെ ബന്ധു കൂടിയാണ് എസി മൊയ്തീന്‍. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ സി.പി.എം കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാടയേയും ഇന്നലെ മൊയ്തീനൊപ്പം ഇ.ഡി ചോദ്യം ചെയ്തിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *