Breaking News

ലഹരി വിരുദ്ധ സന്ദേശവുമായി ‘ലഹരി ഇല്ലാത്ത പുലരികൾ’; രണ്ടാം സീസൺ ആരംഭിച്ചു

വക്കം: വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനായി വക്കം മീഡിയ ഓൺലൈൻ ന്യൂസ് ശിവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ലഹരി ഇല്ലാത്ത പുലരികൾ – സീസൺ 2’ പ്രസംഗമത്സരത്തിന് തുടക്കമായി.

ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. ആദ്യ സീസണിന് ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്നാണ് രണ്ടാം പതിപ്പ് ഒരുക്കിയതെന്ന് സംഘാടകർ അറിയിച്ചു.

ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിനൊപ്പം സാമൂഹിക ഉത്തരവാദിത്വബോധം, ആത്മവിശ്വാസം, പൊതുവേദികളിൽ വ്യക്തതയോടെ ആശയങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ് എന്നിവ വികസിപ്പിക്കുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം.

രണ്ട് ഘട്ടങ്ങളിലായാണ് മത്സരം നടക്കുക. ആദ്യഘട്ടത്തിൽ ‘ലഹരി ഇല്ലാത്ത പുലരികൾ’ എന്ന വിഷയത്തിൽ തയ്യാറാക്കുന്ന പ്രസംഗം നിശ്ചിത സമയപരിധിക്കുള്ളിൽ വീഡിയോ രൂപത്തിൽ അയയ്ക്കണം. ലഭിക്കുന്ന എൻട്രികളിൽ നിന്ന് അവതരണമികവും വിഷയാവതരണശേഷിയും വിലയിരുത്തി മികച്ച മത്സരാർത്ഥികളെ ഓപ്പൺ സ്റ്റേജ് ഫൈനലിലേക്ക് തിരഞ്ഞെടുക്കും. ഫൈനൽ മത്സരത്തിന്റെ അടിസ്ഥാനത്തിലാകും വിജയികളെ പ്രഖ്യാപിക്കുക.

മത്സരവുമായി ബന്ധപ്പെട്ട ക്ഷണക്കത്തും മാർഗനിർദേശങ്ങളും വിവിധ സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാർക്കും ഹെഡ്മിസ്ട്രസ്സുമാർക്കും കൈമാറിയതായി സംഘാടകർ അറിയിച്ചു. വിദ്യാർത്ഥികൾക്ക് ആവശ്യമായ പ്രോത്സാഹനവും മാർഗനിർദേശവും നൽകി മത്സരത്തിൽ പങ്കെടുപ്പിക്കാൻ സ്കൂൾ അധികൃതരോട് അഭ്യർഥിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: ഷിബു എമിൽ – 81369 93188, ബിനു തമ്പി (വാട്സ്ആപ്പ്) – 88919 71748, വക്കം സുനു – 98466 44553.

Related posts

Leave a Reply

Your email address will not be published. Required fields are marked *