Breaking News

വനിതകളെ വിഡ്ഢികളാക്കുന്ന ബില്ലെന്ന് എ.എ.പി; ആശങ്ക രേഖപ്പെടുത്തി ഡി.എം.കെ

ദില്ലി: വനിതാ സംവരണ ബില്‍ വനിതകളെ വിഡ്ഢികളാക്കുന്ന ബില്ലാണെന്ന് എ.എ.പി. എഎപി നേതാവ് സഞ്ജയ് സിംഗാണ് വിമര്‍ശനം ഉന്നയിച്ചത്. ബില്ലുമായി ബന്ധപ്പെട്ട മണ്ഡല പുനര്‍നിര്‍ണായ നീക്കത്തില്‍ ആശങ്കയുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും അഭിപ്രായപ്പെട്ടു. 2024ല്‍ തന്നെ ബില്ല് നടപ്പാക്കണമെന്ന് എ.എ.പി ആവശ്യപ്പെട്ടു. മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയില്ലെന്ന് ആരോപിച്ച എ.എ.പി 2045 ലെങ്കിലും നടപ്പാക്കുമോ എന്നറിയില്ലെന്നും ആശങ്ക രേഖപ്പെടുത്തി. വനിതാ സംവരണം നടപ്പാക്കാന്‍ എ.എ.പി ഒപ്പമുണ്ടാകും. എന്നാല്‍ 2024 ല്‍ തന്നെ നടപ്പാക്കണമെന്നും സഞ്ജയ് സിംഗ് പറഞ്ഞു.

തെക്കേ ഇന്ത്യയുടെ പ്രാധിനിത്യം വെട്ടി കുറയ്ക്കാനുള്ള ശ്രമമാണോയെന്ന് സംശയിക്കുന്നതായി സ്റ്റാലിന്‍ പറഞ്ഞു. ഇതു മുളയിലേ നുള്ളണം. തെക്കേ ഇന്ത്യയുടെ ആശങ്ക അകറ്റാന്‍ പ്രധാനമന്ത്രിയുടെ ഉറപ്പു വേണം. തമിഴ്‌നാടിനെ വഞ്ചിക്കാന്‍ അനുവദിക്കരുത്. ഇത് മണ്ഡല പുനര്‍ നിര്‍ണയത്തിന് വേണ്ടിയുള്ള ബി.ജെ.പിയുടെ തന്ത്രമാണ്. മണ്ഡല പുനര്‍ നിര്‍ണയത്തിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറക്കാനാണ് ബി.ജെ.പിയുടെ നീക്കം. ഡി.എം.കെ മുന്‍പും വനിത സംവരണത്തിന് അനുകൂല നിലപാടാണ് എടുത്തിരുന്നത്-സ്റ്റാലിന്‍ വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വനിത സംവരണം നടപ്പാക്കിയതും ഡി.എം.കെ സര്‍ക്കാരാണ്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ മൗനത്തിലായിരുന്നു. പെട്ടെന്നുള്ള നടപടി തിരഞ്ഞെടുപ്പിന് മുന്‍പുള്ള തന്ത്രം മാത്രമാണ്. ബി.ജെ.പിക്ക് പരാജയ ഭീതിയെന്നും സ്റ്റാലിന്‍ വിശദീകരിച്ചു. വനിതാ ബില്ലിനെ ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നുവെന്ന് കനിമൊഴിയും പറഞ്ഞു. ബില്‍ നടപ്പാക്കിയത് ദുരൂഹമായാണ്. ഈ സെഷനില്‍ ഒരു സൂചനയും നല്‍കിയില്ല. സര്‍ക്കാര്‍ എല്ലാം രഹസ്യമാക്കി വച്ചുവെന്നും കനിമൊഴി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *