

വർക്കല: ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ആശുപത്രിക്കുവേണ്ടി ജയ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബിസ്സിനസ്സ് സ്കൂൾ സംഭാവനയായി നൽകിയ അഞ്ചു ഓക്സിജൻ കോൺസൺട്രേറ്ററിൻറ്റെ വിതരണോത്ഘാടനം ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് ബഹുമാനപ്പെട്ട കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ നിർവഹിച്ചു.
ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി ഓരോ നിമിഷവും വർദ്ധിച്ചു വരുന്ന കാലഘട്ടമാണിതെന്നും ഇത് തിരിച്ചറിഞ്ഞാണ് സ്വദേശി ദർശൻ പദ്ധതിയിൽ കേന്ദ്ര സർക്കാർ ശിവഗിരിയെ ഉൾപ്പെടുത്തിയതെന്നും ശിവഗിരി ശ്രീനാരായണ ആശുപത്രിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധിയാണ് തീർത്ഥാടന സർക്യൂട്ട് നടപ്പാക്കുന്നതിൽ കാലവിളംബം ഉണ്ടാക്കിയത്. തുടർപ്രവർത്തനങ്ങൾ ഉടൻ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ആശുപത്രി സെക്രട്ടറി വിശാലാനന്ദ സ്വാമികൾ ഓക്സിജൻ കോൺസെൻട്രേറ്റർ മന്ത്രിയിൽനിന്നും ഏറ്റുവാങ്ങി. ശിവഗിരി മഠത്തിന്റെ ഡൽഹിയിലെ അംബാസഡറയാണ് മന്ത്രി വി. മുരളീധരനെ കാണുന്നതെന്ന് അദ്ധ്യക്ഷത വഹിച്ച ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. 70 കോടിയുടെ ശിവഗിരി തീർത്ഥാടന സർക്യൂട്ട് ഉൾപ്പെടെ ശിവഗിരിയുടെ വികസനത്തിന് സാദ്ധ്യമായ എല്ലാ സഹായവും ചെയ്തത് അദ്ദേഹം അനുസ്മരിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ: അഭിലാഷ് രാമൻ , ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ ശാരദാനന്ദസ്വാമികൾ,ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സച്ചിദാനന്ദ സ്വാമികൾ, ഋതംഭരാനന്ദ സ്വാമികൾ, ഗുരുപ്രസാദ് സ്വാമികൾ, ബി.ജെ.പി നേതാക്കളായ തോട്ടയ്ക്കാട് ശശി , എം ബാലമുരളി, സജി.പി.മുല്ലനല്ലൂർ, കല്ലയം വിജയകുമാർ എന്നിവർ പങ്കെടുത്തു. ഉത്ഘാടന ചടങ്ങിനുശേഷം ഗുരുദേവ മഹാസമാധിയിലെത്തി പുഷ്പാർച്ചന നടത്തി ,തുടർന്ന് ശിവഗിരി മഠം മുൻ പ്രസിഡന്റ് പ്രകാശാനന്ദ സ്വാമികളുടെ സമാധിയിലെത്തി അദ്ദേഹത്തെ അനുസ്മരിച്ച ശേഷമാണ് മന്ത്രി മടങ്ങിയത് .

പ്രകാശാനന്ദ സ്വാമികളുടെ സമാധിയിൽ വി മുരളീധരൻ