

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം വഞ്ചിയൂർ ഋഷിമംഗലം ചിറക്കുളം കോളനിയിൽ ടി.സി.27/2135 നമ്പർ വീട്ടിൽനിന്ന് തമ്പാനൂർ തൈക്കാട് രാജാജി നഗറിനു സമീപം വള്ളിയപ്പൻ റോഡിൽ താമസിക്കുന്ന അനിൽകുമാറാണ് (44) അറസ്റ്റിലായത്.

ആറ്റിങ്ങൽ പാലസ് റോഡ് ദിൽ വീട്ടിൽ റിട്ട. കെ.എസ്.ആർ.ടി.സി. എ.ടി.ഒ. പദ്മനാഭറാവുവിന്റെ വീട്ടിൽ വ്യാഴാഴ്ച പകലാണ് മോഷണം നടന്നത്. രാവിലെ 8.30-ന് പദ്മനാഭറാവുവും ഭാര്യ സ്വയംപ്രഭയും വീട് പൂട്ടി കരമനയിലേക്കു പോയിരുന്നു. വൈകീട്ട് 5.30-ന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.

ഉടൻതന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. 25 പവൻ സ്വർണാഭരണവും 1.5 ലക്ഷം രൂപയും നഷ്ടമായെന്നാണ് പദ്മനാഭറാവു നൽകിയ പരാതിയിൽ പറയുന്നത്. മോഷണം നടന്ന വീട്ടിലെയും സമീപത്തെ സ്ഥാപനങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ പരിശോധനയിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.

രാവിലെ പതിനൊന്നേമുക്കാലോടെ വീടിനു സമീപമെത്തിയ അനിൽകുമാർ മതിൽചാടി അകത്തുകടന്ന് മുൻവാതിൽപ്പാളിയുടെ ഒരുഭാഗം ചുറ്റികയും ഉളിയും ഉപയോഗിച്ച് പൊളിച്ചുമാറ്റി അകത്തു കടക്കുകയായിരുന്നു.
മോഷണം നടന്ന വീട്ടിൽനിന്ന് ഇയാൾ തിരിച്ചിറങ്ങി പാലസ് റോഡിലൂടെ നടന്ന് മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപത്തെത്തി ഓട്ടോറിക്ഷയിൽ കയറിപ്പോകുന്ന ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു.

